
പല്ലേക്കലെ: ട്വന്റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കു മുന്നിൽ 213 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തി പാകിസ്താൻ. സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്സാദ ഫർഹാൻ (100), അർധ സെഞ്ച്വറി നേടിയ ഫഖർ സമാൻ (84) എന്നിവരാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 176 റൺസ് പാക് ഇന്നിങ്സിന്റെ നട്ടെല്ലായി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് സന്ദർശകർക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 212 റൺസ് നേടിയത്. സെമി ഫൈനലിൽ പ്രവേശിക്കാൻ പാകിസ്താന് 65 റൺസിന് ജയിക്കണം, അഥവാ ശ്രീലങ്കയെ 147 റൺസിൽ ഒതുക്കണം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഓപണർമാർ തുടക്കം മുതൽ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. പവർപ്ലേയിൽ 64 റൺസടിച്ച സഖ്യം പത്താം ഓവറിൽ സ്കോർ 100 കടത്തി. 14 ഓവറിൽ അത് 150 ആയി ഉയർത്തി. 16-ാം ഓവറിൽ ഫഖർ സമാനെ ക്ലീൻ ബൗൾഡാക്കി ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ട് തകർത്തത്. സ്കോർ ബോഡിൽ ഇതിനകം 176 റൺസ് പിറന്നിരുന്നു. 42 പന്തുകൾ നേരിട്ട ഫഖർ സമാൻ, ഒമ്പത് ഫോറും നാല് സിക്സറുകളും സഹിതം 84 റൺസ് നേടിയാണ് പുറത്തായത്.
പിന്നാലെയിറങ്ങിയ ഖ്വാജ നഫായ് മൂന്നു പന്തിൽ രണ്ട് റൺസുമായി മടങ്ങിയത് പാക് ക്യാമ്പിന് നിരാശയായി. ദിൽഷൻ മദുഷങ്കയുടെ പന്ത് ഉയർത്തിയടിച്ച താരത്തെ ബൗണ്ടറി ലൈനിൽ ചരിത് അസലങ്ക പിടികൂടുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ശദാബ് ഖാൻ (അഞ്ച് പന്തിൽ ഏഴ്) റണ്ണൗട്ടായി മടങ്ങി. 19-ാം ഓവറിലെ ആദ്യ പന്തിൽ ഫർഹാൻ സെഞ്ച്വറി തികച്ചു. ടൂർണമെന്റിൽ തന്റെ രണ്ടാം ശതകം 59 പന്തിലാണ് താരം പൂർത്തിയാക്കിയത്. തൊട്ടടുത്ത പന്തിൽ മുഹമ്മദ് നവാസ് സംപൂജ്യനായി മടങ്ങി. ദസുൻ ശനകയാണ് ഇത്തവണ വിക്കറ്റ് നേടിയത്. ഇതേ ഓവറിൽ നായകൻ സൽമാൻ ആഗയും റൺ നേടാനാകാതെ പുറത്തായി.
അവസാന ഓവറിലെ ആദ്യ പന്തിൽ ഫർഹാൻ പുറത്തായി. ഒമ്പത് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 100 റൺസുമായാണ് താരം ക്രീസ് വിട്ടത്. ഇതേ ഓവറിൽ തന്നെ ഷഹീൻ ഷാ അഫ്രീദി (നാല്), നസീം ഷാ (ഒന്ന്) എന്നിവരും പുറത്തായതോടെ ആകെ വിക്കറ്റ് നഷ്ടം എട്ടായി. ഓപണർമാർ ഒഴികെ പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കക്കായി മദുഷങ്ക മൂന്നും ശനക രണ്ടും വീതം വിക്കറ്റുകൾ സ്വന്തമാക്കി.
