
ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ആദ്യകളിയിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നാളെ അതിനിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരെ കൊമ്പുകോർക്കാനിറങ്ങുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിൽ മലയാളി ബാറ്റർ സഞ്ജു സാംസൺ കളത്തിലിറങ്ങുമെന്നാണ് സൂചന. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് തുടങ്ങിയവർ നിരന്തരം പരാജയപ്പെടുമ്പോഴും സഞ്ജുവിന് അവസരം നൽകാത്ത ടീം മാനേജ്മെന്റ് നിലപാടിനെതിരെ നിശിത വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രധാന മത്സരത്തിൽ താരത്തെ കളിപ്പിക്കാൻ ആതിഥേയ ടീം ഒരുങ്ങുന്നത്. നമീബിയക്കെതിരെ ഗ്രൂപ് മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത സഞ്ജുവിനെ പിന്നീട് ഒരു മത്സരങ്ങളിലും ഇന്ത്യ പരിഗണിച്ചിരുന്നില്ല.
വരാനിരിക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ സഞ്ജുവായിരുന്നു ചെപ്പോക്കിൽ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ശ്രദ്ധാകേന്ദ്രം. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ സഞ്ജുവിനെ ആരാധകർ ഓട്ടോഗ്രാഫിനായി പൊതിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പരിശീലനം കഴിഞ്ഞെത്തുന്ന സഞ്ജുവിനെ ഒരുനോക്കു കാണാൻ നിരവധി ആരാധകരാണ് സ്റ്റേഡിയ പരിസരത്തെത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത ഇന്ത്യൻ താരം ഓട്ടോഗ്രാഫിനായുള്ള അവരുടെ അഭ്യർഥന സ്നേഹപൂർവം പരിഗണിക്കുകയും ചെയ്തു.
മൂന്നാം നമ്പറിൽ സഞ്ജുവിനെ ഇറക്കണമെന്ന് റെയ്ന
ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ നിരയിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റിനെ നിർബന്ധിതരാക്കുന്നതും അതുതന്നെ. സിംബാബ്വെക്കെതിരെ േപ്ലയിങ് ഇലവനിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇ0ന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു.
‘മൂന്നാം നമ്പറിൽ ഒരു വലം കൈ ബാറ്റ്സ്മാൻ ആവശ്യമാണ്. തിലക് വർമയോ സഞ്ജുവോ ആരാണ് മൂന്നാം നമ്പറിൽ ഇറങ്ങുക? സി.എസ്.കെ ഈ സീസണിൽ സഞ്ജുവിനെ ടീമിലെത്തിച്ചിട്ടുണ്ട്. അവിടെ അവന്റെ പ്രകടനം ഏതുവിധത്തിലായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. കാണികളുടെ പൂർണ പിന്തുണ സഞ്ജുവിനുണ്ടാകും. ഓപണറായി രണ്ടു ഇടൈങ്കയന്മാർ പാഡുകെട്ടുന്ന സ്ഥിതിക്ക് മൂന്നാം നമ്പറിൽ സഞ്ജുവിനെ ക്രീസിലിറക്കണമെന്നാണ് എന്റെ അഭിപ്രായം’ -റെയ്ന പറഞ്ഞു. വാഷിങ്ടൺ സുന്ദറിനെ മാറ്റി േപ്ലയിങ് ഇലവനിൽ അക്സർ പട്ടേലിന് അവസരം നൽകണമെന്നും റെയ്ന ആവശ്യപ്പെട്ടു.
