ഇന്നാണ് കളി; സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം ഇ​ന്ന്


അഹ്മദാബാദ്: അനായാസ ജയങ്ങളുമായി അവസാന എട്ടുറപ്പിച്ച രണ്ട് കരുത്തർ തമ്മിൽ ഇന്ന് മുഖാമുഖം. കിരീടസാധ്യത കൽപിക്കപ്പെടുന്ന ആതിഥേയർക്കെതിരെ ഒറ്റ കളി പോലും തോൽക്കാത്ത പ്രോട്ടീസാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊമ്പുകോർക്കാനെത്തുന്നത്. രണ്ടു മാസത്തിനിടെ ഇരു ടീമുകളും തമ്മിലെ ആറാം മത്സരമാണിത്.

കാര്യമായ പോരാട്ടമില്ലാതെയായിരുന്നു ഇന്ത്യയുടെ സൂപ്പർ എട്ട് പ്രവേശനമെന്നതിനാൽ ബാറ്റിങ്ങിൽ ടീം കാര്യമായ പരീക്ഷണം നേരിട്ടില്ല. ഇഷാൻ കിഷനൊഴികെ ബാറ്റർമാർ ശരാശരിയിലോ അതിനും താഴെയോ ആണ് ഇതുവരെ പുറത്തെടുത്തത്. രണ്ട് അർധ സെഞ്ച്വറികളുമായി 202 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ബാറ്റിങ് ഓർഡറിലെ മറ്റു മൂന്നു പേരും തപ്പിത്തടഞ്ഞത് വെല്ലുവിളിയാകും.

സഞ്ജു സാംസണിന്റെ പകരക്കാരനായ അഭിഷേക് ശർമ മൂന്ന് തവണ ‘സംപൂജ്യ’നായി. സൂര്യകുമാർ യാദവും തിലക് വർമയും പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടപ്പോൾ മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും നൽകിയ വെടിക്കെട്ടുകളാണ് പലപ്പോഴും വിജയം അനായാസമാക്കിയത്. അഭിഷേക് രണ്ടു തവണയും സ്പിന്നിന് മുന്നിൽ സുല്ല് പറഞ്ഞത് പ്രോട്ടീസ് ക്യാപ്റ്റൻ ഒരിക്കലൂടെ അവസരമാക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

തിലക് വർമയുടേത് 25, 25, 31 എന്നിങ്ങനെയായിരുന്നു സ്കോർ. സൂര്യകുമാർ യു.എസിനെതിരെ പുറത്താകാതെ 84 റൺസ് അടിച്ചതാണ് ഏക പ്രതീക്ഷ. എട്ടു ബാറ്റർമാർ അണിനിരക്കുന്ന ടീമാണ് ആതിഥേയ നിരയെന്നതാണ് കൈവിട്ടുപോകേണ്ടിടത്ത് ഇന്ത്യയെ കാത്തത്. ഒപ്പം ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ അണിവരടക്കം മുനകൂർത്ത ബൗളിങ് കൂടി ചേരുമ്പോൾ കാര്യങ്ങൾ ആതിഥേയരുടെ വഴിയെ ആകുമെന്നുറപ്പ്. ഗ്രൂപ് ഘട്ടത്തിൽ ബുംറക്കും വരുണിനുമെതിരെ പിടിച്ചുനിൽക്കാൻ ഒരു ടീമിനുമായിരുന്നില്ല. നാലു കളികളിൽ വരുൺ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

മറുവശത്ത് ക്വിന്ററൺ ഡി കോക്ക്, മാർക്രം, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, റയാൻ റിക്കിൾട്ടൺ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ എന്നിവർ ബാറ്റിങ്ങിലും കാഗിസോ റബാദ, ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം എന്നിവർ ബൗളിങ്ങിലും കരുത്തുകാട്ടുമ്പോൾ പ്രോട്ടീസ് പ്രതീക്ഷകൾ വാനോളമാണ്.

ഇന്ത്യൻ ബൗളിങ്ങിൽ അർഷ്ദീപിന് പകരം കുൽദീപ് ഇറങ്ങിയേക്കും. വാഷിങ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലും എത്തും. ടീം ഇവരിൽ നിന്ന്: ഇന്ത്യ: സുര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, സഞ്ജു സാംസൺ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ.

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ്, കോർബിൻ ബോഷ്, ആൻട്രിച്ച് നോർട്ട്ജെ, ക്വെന മഫാക, ജാസൺ സ്മിൻഡ്.

© Madhyamam