കൊൽക്കത്ത: സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് മൈതാനത്ത് ഡൽഹി സ്പോർട്ടിങ് ക്ലബിനെതിരായ ഐ.എസ്.എൽ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് തകർപ്പൻ ജയം. നാലാം മിനിറ്റിൽ സ്വന്തം വല കുലുങ്ങിയിട്ടും തുടരെ നാലെണ്ണം അടിച്ചുകൂട്ടിയാണ് ഡൽഹി ടീമിനെ മുക്കിയത്.
ഡൽഹി താരം അഗസ്റ്റിൻ ലാൽറോച്ചാനയാണ് സ്കോറിങ് തുടങ്ങിയത്. ഈസ്റ്റ് ബംഗാൾ പ്രതിരോനിരയിലെ ജയ് ഗുപ്തയെയും അൻവർ അലിയെയും കാഴ്ചക്കാരാക്കി താരം പായിച്ച മനോഹരമായ ഗ്രൗണ്ട് ഷോട്ട് ഗോളി പ്രഭ്സുഖൻ സിങ് ഗില്ലിനെയും കടന്ന് വലയിലെത്തി. മൂന്നു മിനിറ്റേ സന്ദർശകരുടെ ലീഡ് നിലനിന്നുള്ളൂ.
ഡൽഹി ഗോൾമുഖത്ത് ബിപിൻ സിങ് എടുത്ത ഫ്രീകിക്ക് എഡ്മണ്ട് ലാൽറിൻഡിക വലയിലാക്കുകയായിരുന്നു. 12ാം മിനിറ്റിൽ ആതിഥേയർ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുംമുമ്പേ ലീഡ് പിന്നെയും ഉയർന്നു. ബ്രസീൽ താരം മിഗ്വൽ ഫെറേരയുടെ അസിസ്റ്റിൽ ഇസ്സിജാരി വീണ്ടും വല കുലുക്കി. കളി അവസാനിക്കാനിരിക്കെ ഫെറേരയുടെ സോളോ നീക്കം വലയിലെത്തിയതോടെ കളി തീരുമാനമായി.
