സൂപ്പർ എട്ടിലെ ആദ്യ മത്സരം മഴയെടുത്തു; പോയിന്‍റ് പങ്കുവെച്ച് പാകിസ്താനും ന്യൂസിലൻഡും



കൊളംബോ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാൽ ടോസിന് പിന്നാലെ മഴ ആരംഭിച്ചതിനാൽ കളി തുടങ്ങാനായില്ല. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. സൂപ്പർ 8 ഘട്ടത്തിലെ ഗ്രൂപ്പ് 2-ൽ ആണ് ഈ രണ്ട് ടീമുകളും ഉൾപ്പെടുന്നത്.

കൊളംബോയിൽ ഉച്ചതിരിഞ്ഞ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോസ് സമയത്ത് ചാറ്റൽ മഴയായിരുന്നുവെങ്കിലും പിന്നീട് മഴ ശക്തമാവുകയും ഔട്ട്ഫീൽഡ് പൂർണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും മഴ മാറാത്തതിനെത്തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും സൂപ്പർ എട്ടിൽ എത്തിയത്. ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താൻ എത്തിയത്. ന്യൂസിലൻഡ് ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. മുന്നോട്ടുള്ള പോരാട്ടങ്ങൾ കടുപ്പമേറിയതായതിനാൽ ആദ്യ മത്സരത്തിൽ ജയിച്ച് ആത്മവിശ്വാസം നേടാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. എന്നാൽ മഴ വില്ലനായതോടെ സെമി ഫൈനൽ സാധ്യതകൾക്കായി വരാനിരിക്കുന്ന ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.

ഈ ഗ്രൂപ്പിലെ മറ്റ് ടീമുകളായ ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള അടുത്ത മത്സരം വരാനിരിക്കുന്നു. മഴമൂലം പോയിന്റ് നഷ്ടപ്പെട്ട സാഹചര്യത്തിൽ, വരും മത്സരങ്ങളിൽ മികച്ച വിജയം നേടുക എന്നത് പാകിസ്താനും ന്യൂസിലൻഡിനും അനിവാര്യമായിരിക്കുകയാണ്.



© Madhyamam