അഗാർക്കർ ഇത് കാണുന്നുണ്ടോ…?; 35ലും ഷമി ഹീറോ തന്നെ; രഞ്ജിയിൽ കരിയർ ബെസ്റ്റ് പ്രകടനം -8/90



കൊൽക്കത്ത: ​മുഹമ്മദ് ഷമിക്കിപ്പോൾ പ്രായം 35 ആയി. ക്രിക്കറ്റിൽ പേസ് ബൗളർമാർ എറിഞ്ഞു തളരുന്ന പ്രായം. പലരും രാജ്യന്താര ക്രിക്കറ്റിലെ നല്ലനാളുകൾ പിന്നിട്ട്, റിട്ടയർമെന്റ് പ്രഖ്യാപിക്കുന്ന പ്രായം. എന്നാൽ, ഇവിടെയൊരാൾ സെലക്ടർമാരും കോച്ചും അവഗണിക്കുമ്പോഴും അവരുടെ കണ്ണ് തുറപ്പിക്കുന്ന മിന്നും പ്രകടനവുമായി ക്രീസ് വാഴുകയാണിപ്പോൾ. 2023 ജൂണിലാണ് ഇയാൾ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. അവസാന ഏകദിനം 2025 മാർച്ചിലും.

പരിക്കും, ഫോമില്ലായ്മയും ഫിറ്റ്നസും മറികടന്ന് മിന്നും പ്രകടനവുമായി കളത്തിൽ തിരികെയെത്തി, ഇന്ത്യൻ സെലക്ടർമാർ പൂട്ടിയിട്ട വാതിലിൽ പലതവണ മുട്ടിയിട്ടും അവഗണിക്കപ്പെടുമ്പോഴാണ് ആഭ്യന്തര ക്രിക്കറ്റിൽ മുഹമ്മദ് ​ഷമി മാസ്മരിക ബൗളിങ് പ്രകടനം തുടരുന്നത്.

നടപ്പ് രഞ്ജിട്രോഫി സീസണിൽ ഉടനീളം മിന്നുന്ന ബൗളിങ് പ്രകടനം കാഴ്ചവെച്ച ഷമി, ​ബുധനാഴ്ച സമാപിച്ച സെമി ഫൈനലിലും വിക്കറ്റുകൾ കൊയ്തുവീഴ്ത്തി. ജമ്മു കശ്മീരിനെതിരെ ​സെമിയിൽ തോറ്റ് പുറത്തായെങ്കിലും തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചാണ് ഷമി കൈയടി നേടുന്നത്.

15 വർഷം പിന്നിട്ട ആഭ്യന്തര ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം കല്യാണിയിലെ ബംഗാൾ ​ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ഷമിയുടെ വിരലുകളിൽ നിന്നും പിറന്നത്. ഒന്നാം ഇന്നിങ്സിൽ 90 റൺസ് വഴങ്ങി ജമ്മുവിന്റെ എട്ട് പേരെയും പുറത്താക്കിയ ഷമി കരിയറിലെ ഏറ്റവും മികച്ച ബൗളിങ്​ പ്രകടനം കുറിച്ചു. രണ്ടു വിക്കറ്റുകൾ പിഴുതും, രണ്ടു പേരെ വിക്കറ്റിന് മുന്നിൽ കുരുക്കുിയും, ശേഷിച്ച നാലുപേരെ ക്യാച്ച് ഔട്ടിലൂടെയും മടക്കി.

മത്സരത്തിൽ ബംഗാളിന് ഒന്നാം ഇന്നിങ്സിൽ 26 റൺസ് ലീഡ് സമ്മാനിച്ചതും ഷമിയുടെ പ്രകടനമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി സീസണിൽ 12 ഇന്നിങ്സുകളിൽ നിന്നായി 36 വിക്കറ്റുകൾ കൊയ്ത ഷമി, ആകെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ആറാമതാണ്.

ദീർഘകാലം വില്ലനായ പരിക്കിനു ശേഷം 2024 നവംബറിൽ രഞ്ജി ടീമിൽ തിരികെയെത്തിയെങ്കിലും ദേശീയ ടീമിലേക്ക് താരത്തെ തിരിച്ചുവിളിക്കാൻ സെലക്ടർമാർ തയ്യാറായിട്ടില്ല. മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും അമിതമായി ആശ്രയിച്ച് ജോലി ഭാരം വർധിപ്പിക്കുമ്പോഴാണ് വെറ്ററൻ പേസർ ആഭ്യന്തര ക്രിക്കറ്റ് സീസണിലുടനീയം സ്ഥിരതയാർന്ന പ്രകടനം തുടരുന്നത്.

2025ലെ ട്വന്റി20 ചാമ്പ്യൻസ് ട്രോഫി ടീമിൽ തിരികെയെത്തിയെങ്കിലും ശേഷം ടീമിലേക്ക് അവസരം നൽകിയില്ല.

കഴിഞ്ഞ ഒക്ടോബറിലും രഞ്ജിയിലെ മികച്ച പ്രകടനവുമായി ഷമി ടെസ്റ്റ് കുപ്പായത്തിലേക്കുള്ള സന്നദ്ധത വിളിച്ചു പറഞ്ഞിരുന്നു. പന്തിലെ പ്രകടനത്തിനു പിന്നാലെ, മാധ്യമങ്ങൾക്കു മുമ്പാകെയും താരം മനസ്സു തുറന്നുവെങ്കിലും ഇംഗ്ലണ്ടിലേക്കും ആസ്ട്രേലിയയിലേക്കും പറക്കുമ്പോഴും താരത്തെ പരിഗണിച്ചില്ല. കൂടുതൽ മത്സരങ്ങൾ കളിച്ച് ഷമി ആത്മവിശ്വാസം വർധിപ്പിക്കണമെന്നായിരുന്നു ഇതുസംബന്ധിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ വിശദീകരണം.



© Madhyamam