
മുംബൈ: ട്വന്റി20 ലോകകപ്പിൽ സി ഗ്രൂപ്പിൽ സ്കോട്ട്ലൻഡിനെതിരെ നേപ്പാളിന് ഏഴ് വിക്കറ്റ് ജയത്തോടെ മടക്കം. ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന നേപ്പാൾ 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ദിേപന്ദ്ര സിങ്ങ് 50ഉം കുശാൽ ഭുർട്ടൽ 43ഉം റൺസ് നേടി.
സ്കോട്ട്ലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 170 റൺസെടുത്തു. 45 പന്തിൽ 71 റൺസടിച്ച മൈക്കൽ ജോൺസ് ആണ് ടോപ്സ്കോറർ. ജോർജ് മൻസി 27ഉം ബ്രൻഡൻ മക്മുല്ലൻ 25ഉം റൺസെടുത്തു. നേപ്പാളിനായി സൊംപൽ കാമി മൂന്നും നന്ദൻ യാദവ് രണ്ടും വിക്കറ്റെടുത്തു.ഗ്രൂപ്പിൽ രണ്ട് പോയന്റ് മാത്രമുള്ള സ്കോട്ട്ലൻഡും നേപ്പാളും സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു.
ഇന്ത്യ നാളെ നെതർലൻഡ്സിനെതിരെ
അഹ്മദാബാദ്: തുടർച്ചയായ മൂന്നാം ജയവുമായി സൂപ്പർ എട്ടിൽ ഇടംപിടിച്ചുകഴിഞ്ഞ ഇന്ത്യ ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ബുധനാഴ്ച നെതർലൻഡ്സിനെ നേരിടും. മറ്റൊരു കളിയിൽ നമീബിയയെ നേരിടുന്ന പാകിസ്താന് ജയിച്ചാൽ അവസാന എട്ടിലേക്ക് മുന്നേറാം. പാകിസ്താൻ തോറ്റാൽ അവരെ പിന്തള്ളി യു.എസ്.എ സൂപ്പർ എട്ടിൽ കടക്കും. ആറ് പോയന്റുള്ള ഇന്ത്യക്ക് പിന്നിൽ യു.എസ്.എക്കും പാകിസ്താനും നാല് പോയന്റ് വീതമാണ്. നാലു മത്സരവും പൂർത്തിയാക്കിക്കഴിഞ്ഞ യു.എസ്.എക്കാണ് റൺ ശരാശരിയിൽ പാകിസ്താനെക്കാൾ മുൻതൂക്കം.
സൂപ്പർ എട്ടിന് മുന്നോടിയായി തന്ത്രങ്ങളും ടീം കോംബിനേഷനും രാകിമിനുക്കാനുള്ള അവസരമാണ് ടീം ഇന്ത്യക്ക് ഇത്. ബാറ്റിങ്ങിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ബൗളിങ്ങിൽ സ്പിന്നർ കുൽദീപ് സിങ്ങിന് പകരം പേസർ അർഷ്ദീപ് സിങ് തിരിച്ചെത്തിയേക്കും. ജസ്പ്രീത് ബുംറക്ക് വീണ്ടും വിശ്രമം അനുവദിച്ചാൽ മുഹമ്മദ് സിറാജിന് അവസരം ലഭിക്കും.
