സി.കെ. നായിഡു ട്രോഫി: വ​രു​ണി​ന് സെ​ഞ്ച്വ​റി, കേ​ര​ള​ത്തി​ന് ലീ​ഡ്



തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന്​ ഒ​മ്പ​ത്​ റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ്. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സ് 283ന് ​അ​വ​സാ​നി​ച്ചു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും സെ​ഞ്ച്വ​റി നേ​ടി​യ വ​രു​ൺ നാ​യ​നാ​രു​ടെ പ്ര​ക​ട​ന​മാ​ണ് മു​ത​ൽ​ക്കൂ​ട്ടാ​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്സ് ബാ​റ്റി​ങ് തു​ട​ങ്ങി​യ ഝാ​ർ​ഖ​ണ്ഡ് ര​ണ്ടാം ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ ഒ​രു റ​ണ്ണെ​ന്ന നി​ല​യി​ലാ​ണ്. 108 റ​ൺ​സെ​ടു​ത്ത വ​രു​ണി​നെ ഝാ​ർ​ഖ​ണ്ഡ് ബൗ​ള​ർ അ​ഭി​ഷേ​ക് റി​ട്ടേ​ൺ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഗോ​വ​ക്കും മേ​ഘാ​ല​യ​ക്കു​മെ​തി​രെ​യും വ​രു​ൺ സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. അ​ഹ്മ​ദ് ഇ​മ്രാ​ൻ 69ഉം ​അ​ഭി​ജി​ത് പ്ര​വീ​ൺ 23ഉം ​റ​ൺ​സു​മെ​ടു​ത്ത് മ​ട​ങ്ങി. ഝാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി മ​നീ​ഷി നാ​ലും അ​ഭി​ഷേ​ക് മൂ​ന്നും കു​നൈ​ൻ ഖു​റേ​ഷി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

വ​നി​ത ഏ​ക​ദി​നം: കേ​ര​ള​ത്തി​ന് നാ​ലാം ജ​യം

റാ​ഞ്ചി: സീ​നി​യ​ർ വ​നി​ത ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് കേ​ര​ളം. ക​രു​ത്ത​രാ​യ പ​ഞ്ചാ​ബി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കേ​ര​ളം 42.2 ഓ​വ​റി​ൽ ര​ണ്ടി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തി. സെ​ഞ്ച്വ​റി നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ഐ.​വി. ദൃ​ശ്യ​യു​ടെ (106 നോ​ട്ടൗ​ട്ട്) ഇ​ന്നി​ങ്സാ​ണ് വി​ജ​യ​മൊ​രു​ക്കി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​മാ​ണി​ത്.

ആ​ദ്യ പ​ന്തി​ൽ​ത​ന്നെ ക്യാ​പ്റ്റ​ൻ ഷാ​നി​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ൽ, അ​ക്ഷ​യ​യും ദൃ​ശ്യ​യും ചേ​ർ​ന്നു​ള്ള ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് കേ​ര​ള​ത്തി​ന് അ​നാ​യാ​സ വി​ജ​യ​മൊ​രു​ക്കി. ഇ​രു​വ​രും ചേ​ർ​ന്ന് 148 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 61 റ​ൺ​സെ​ടു​ത്ത അ​ക്ഷ​യ പു​റ​ത്താ​യെ​ങ്കി​ലും തു​ട​ർ​ന്നെ​ത്തി​യ ആ​ശ ശോ​ഭ​ന​ക്കൊ​പ്പം ചേ​ർ​ന്ന് ദൃ​ശ്യ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 121 പ​ന്തു​ക​ളി​ൽ​നി​ന്ന് 106 റ​ൺ​സു​മാ​യി ദൃ​ശ്യ പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നാ​യി വി.​എ​സ്. മൃ​ദു​ല, ദ​ർ​ശ​ന മോ​ഹ​ന​ൻ, ആ​ശ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ര​ഞ്ജി ട്രോ​ഫി: സെ​മി ഞാ​യ​റാ​ഴ്ച ​മു​ത​ൽ

കൊ​ൽ​ക്ക​ത്ത/​ ല​ഖ്നോ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും. ക​ല്യാ​ണി​യി​ൽ ആ​തി​ഥേ​യ​രാ​യ ബം​ഗാ​ളി​നെ ക​ർ​ണാ​ട​ക​യും ല​ഖ്നോ​യി​ൽ ജ​മ്മു- ക​ശ്മീ​രി​നെ ഉ​ത്ത​രാ​ഖ​ണ്ഡും നേ​രി​ടും. അ​സ​മി​നെ​യാ​ണ് ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ച​ത്. മും​ബൈ​യെ ക​ർ​ണാ​ട​ക​യും വീ​ഴ്ത്തി. മ​ധ്യ​പ്ര​ദേ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ശ്മീ​ർ ക​ട​ന്ന​ത്. ഝാ​ർ​ഖ​ണ്ഡി​നെ ഉ​ത്ത​രാ​ഖ​ണ്ഡും മ​ട​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ വി​ദ​ർ​ഭ​യും കേ​ര​ള​വും ഇ​ക്കു​റി നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു.



© Madhyamam