ഇന്ത്യ-പാക് മത്സരം മഴമുടക്കുമോ..​?; കളി നാളെ​; ടീം ഇന്ത്യ കൊളംബോയിൽ



കൊളംബോ: പാകിസ്താന്റെ ബഹിഷ്‍കരണ ഭീതി അകന്ന് ട്വന്റി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം ഉറപ്പായപ്പോൾ, അടുത്ത വെല്ലുവിളിയായി മഴ. ഞായറാഴ്ച വൈകുന്നേരം ഏഴ് മുതൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാൽ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദം ഞായറാഴ്ചയിലെ മത്സരത്തിന് മഴഭീഷണിയായി മാറുമെന്ന് ശ്രീലങ്കൻ കാലാവസ്ഥ വിഭാഗം അറിയിച്ചു. ശക്തമായ ഇടി മിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിൽ വരും ദിവസങ്ങളിൽ മഴ പെയ്യാൻ ഇടയുണ്ടെന്നാണ് അറിയിപ്പ്. പ്രേമദാസ സ്റ്റേഡിയം ഉൾകൊള്ളുന്ന ഖെട്ടരമ മേഖലയിൽ 50 മുതൽ 70 ശതമാനം വരെ ഞായറാഴ്ച മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

വൈകുന്നേരം ഏഴ് മുതലാണ് മത്സരം. അതിനു മുമ്പേ ശക്തമായ ഇടിമിന്നലും മഴയുമെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇത് മത്സരം വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, എട്ടു മണിയോടെ കളി ആരംഭിക്കാൻ കഴിയും വിധം മാനം തെളിയുമെന്നും വ്യക്തമാക്കി. മഴപെയ്താൽ വേഗത്തിൽ വെള്ളം നീക്കാനും, പിച്ച് മത്സര സജ്ജമാക്കാനുമുള്ള നടപടികൾ സജ്ജമാണ്.

ഇന്ത്യയുടെ പരിശീലനം നടക്കുന്ന ​ശനിയാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

ട്വന്റി20 ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെയാണ് അയൽക്കാർ തമ്മിലെ പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പാകിസ്താൻ ശ്രീലങ്കയിലെത്തിയത്. എന്നാൽ, ഐ.സി.സിയുടെ നേതൃത്വത്തിൽ നടന്ന നീണ്ട ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കുമൊടുവിലാണ് മത്സര സാധ്യത വീണ്ടും തെളിഞ്ഞത്.

ടൂർണമെന്റിൽ നിന്നും പിൻവാങ്ങിയ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ​പാകിസ്താന്റെ ബഹിഷ്‍കരണം. ടൂർണമെന്റിൽ പണംവാരുന്ന പോരാട്ടം ഒടുവിൽ യാഥാർത്ഥ്യമായെങ്കിലും, കളത്തിൽ കളി നടക്കണമെങ്കിൽ കാലാവസ്ഥയും അനുകൂലമായി മാറണം.

നിലവിൽ രണ്ട് മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യക്കും പാകിസ്താനും നാല് പോയന്റുകളുണ്ട്. റൺ നിരക്കിന്റെ മികവിൽ ഇന്ത്യയാണ് മുന്നിൽ.

ഇന്ത്യൻ ടീം ​ശനിയാഴ്ച പുലർച്ചെ കൊളംബോയിലെത്തി. കോച്ച് ഗൗതം ഗംഭീറിനും ടീം അംഗങ്ങൾക്കും വിമാനത്താവളത്തിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്.



© Madhyamam