റിയാദ്: സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്റുമായി സ്വരച്ചേർച്ച നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംബന്ധിച്ച് ബുധനാഴ്ചത്തെ മത്സരം നിർണായകമാവും. കുറച്ചു ദിവസങ്ങളായി കളത്തിൽനിന്ന് മാറിനിൽക്കുന്ന പോർചുഗീസ് സ്ട്രൈക്കർ ഇന്ന് അർകദകിനെതിരെ നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് മത്സരത്തിൽ ഇറങ്ങുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ. എന്നാൽ, തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ക്ലബ് വിടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ക്രിസ്റ്റ്യാനോ.
സൗദി പ്രോ ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല താരം. ലീഗിന്റെ ഫണ്ടിങ്ങിലും എതിർ ടീമായ അല്‍ ഹിലാല്‍ ഫ്രഞ്ച് താരമായ കരീം ബെന്സേമയുമായുണ്ടാക്കിയ കരാറുകളിലും ക്രിസ്റ്റ്യാനോക്ക് അതൃപ്തി ഉണ്ട്. അൽ നസ്ർ, അൽ ഇത്തിഹാദ്, അൽ അഹ് ലി ക്ലബുകളുടെ ഭൂരിപക്ഷ ഓഹരി ഉടമകൾ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ്. ലളിതമായ നിയമത്തിലാണ് സൗദി പ്രോ ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും ക്രിസ്റ്റ്യാനോ എത്തിയതുമുതല്‍ ക്ലബിനായി പൂര്ണപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു താരവും ക്ലബിന്റെ നിയമങ്ങള്‍ക്ക് അതീതരല്ലെന്ന് സൗദി പ്രോ ലീഗ് വ്യക്തമാക്കി. അല്‍ നസ്റിലെത്തിയ ശേഷം ക്രിസ്റ്റ്യാനോ സുപ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ല. 2027വരെയാണ് നിലവിലെ കരാർ.
