ബി.സി.സി.ഐ വാർഷിക കരാറിൽ കോഹ്‌ലിക്കും രോഹിത്തിനും തിരിച്ചടി; സഞ്ജു ഗ്രേഡ് സിയിൽ



മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ വിവരങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും ഗ്രേഡ് ബിയിലേക്ക് താഴ്ത്തി. കഴിഞ്ഞ വർഷം എ പ്ലസ് വിഭാഗത്തിലായിരുന്നു ഇരുവരും. കരാറിലെ എ പ്ലസ് എന്ന വിഭാഗം തന്നെ പൂർണമായും വേണ്ടെന്നുവച്ച ബി.സി.സി.ഐ, ഇത്തവണ എ,ബി,സി വിഭാഗങ്ങളിലേക്ക് താരങ്ങളെ ചുരുക്കി.

ഗ്രൂപ്പ് എയിൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണുള്ളത്. മലയാളി താരം സഞ്ജു സാംസൺ സി ഗ്രൂപ്പിലാണ്. യുവതാരങ്ങളായ ഋഷഭ് പന്തും യശസ്വി ജയ്സ്വാളും ബി ഗ്രൂപ്പിലാണ്. ശ്രേയസ് അയ്യരും ബി ഗ്രൂപ്പിൽ ഇടം കണ്ടെത്തി. അതേസമയം ട്വന്‍റി20 ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍റെ പേര് പട്ടികയിലില്ല.

സീനിയർ വനിത താരങ്ങളിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരാണ് ഗ്രേഡ് എയിലുള്ളത്. രേണുക ഠാക്കൂർ ഷഫാലി വർമ, റിച്ച ഘോഷ്, സ്നേഹ റാണ എന്നിവർ ഗ്രേഡ് ബിയിലുണ്ട്. ഗ്രേഡ് സിയിൽ രാധാ യാദവ്, അമൻജോത് കൗർ, പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ഉമ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരിണി, യസ്തിക ഭാട്യ, ഹർലീൻ ഡിയോൾ, കാശ്വീ ഗൗതം, ജി. കമാലിനി, വൈഷ്ണവി ശർമ, തേജൽ ഹസബ്നിസ് എന്നിവരാണുള്ളത്.

വാർഷിക കരാറിൽ ഉൾപ്പെട്ട പുരുഷ താരങ്ങൾ

  • ഗ്രേഡ് എ– ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ
  • ഗ്രേഡ് ബി– വാഷിങ്ടന്‍ സുന്ദർ, രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
  • ഗ്രേഡ് സി– അക്സർ പട്ടേൽ, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസൺ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശർമ, സായ് സുദർശൻ, രവി ബിഷ്ണോയി, ഋതുരാജ് ഗെയ്ക്‌വാദ്.



© Madhyamam