ഷിനോസാദക്കും നിയാസായിക്കും സെഞ്ച്വറി, അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം



ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. ഫൈസൽ ഷിനോസാദയുടെയും ഉസൈറുല്ല നിയാസായിയുടെയും സെഞ്ച്വറികളാണ് സ്കോർ 300 കടത്തിയത്.

ഷിനോസാദ 93 പന്തിൽ 15 ഫോറടക്കം 110 റൺസെടുത്തു. നിയാസായി 86 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 101 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 148 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ഓപ്പണർമാരായ ഉസ്മാൻ സാദത്ത് 70 പന്തിൽ 39 റൺസെടുത്തും ഖാലിദ് അഹ്മദ്സായി 39 പന്തിൽ 31 റൺസെടുത്തും പുറത്തായി. ഒമ്പത് പന്തിൽ 12 റൺസെടുത്ത അസീസുല്ല മിയാഖിലാണ് പുറത്തായ മറ്റൊരു താരം. അബ്ദുൽ അസീസ് മൂന്നു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. യൂത്ത് ഏകദിനത്തിൽ ഷിനോസാദയുടെ ആറാം സെഞ്ച്വറിയാണിത്.

ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലക്ഷ്യം മറികടക്കാനായാൽ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസെന്ന റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു, മലയാളി ഓപണർ ആരോൺ ജോർജ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അയൽക്കാരെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം കിരീടത്തനരികിലെത്താം. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.



© Madhyamam