
ബുലാവായോ (സിംബാബ്വെ): ഏഷ്യ കപ്പ് ഫൈനലിലെ തോൽവിക്ക് പാകിസ്താനോട് കണക്കുതീർത്ത് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ 58 റൺസിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായി. പാക് മറുപടി 46.2 ഓവറിൽ 194ൽ തീർന്നു. ഗ്രൂപ് ജേതാക്കളായ ഇന്ത്യ ഫെബ്രുവരി നാലിന് നടക്കുന്ന സെമിയിൽ അഫ്ഗാനിസ്താനെ നേരിടും. ആസ്ട്രേലിയ-ഇംഗ്ലണ്ട് ഒന്നാം സെമി ചൊവ്വാഴ്ച നടക്കും.
ഇന്ത്യൻ ബാറ്റർമാരിൽ 68 റൺസ് നേടി വേദാന്ത് ത്രിവേദി ടോപ് സ്കോററായി. കനിഷ്ക് ചൗഹാൻ 29 പന്തിൽ 35ഉം ഓപണർ വൈഭവ് സൂര്യവംശി 22 പന്തിൽ 30ഉം റൺസ് നേടി. ആർ.എസ്. അംബരീഷ് (29), വിഹാൻ മൽഹോത്ര (21), ഖിലൻ പട്ടേൽ (21), മലയാളി താരം ആരോൺ ജോർജ് (19), അഭിഗ്യാൻ കുണ്ഡു (16) എന്നിവരും രണ്ടക്കം കടന്നു. പാക് ബൗളർമാരിൽ അബ്ദുൽ സുബ്ഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. 66 റൺസെടുത്ത ഉസ്മാൻ ഖാനാണ് പരാജിതരുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ക്യാപ്റ്റൻ ആയുഷ് മഹാത്രെയും ഖിലൻ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
എട്ട് പോയന്റുമായാണ് ഇന്ത്യ സൂപ്പർ സിക്സ് ഗ്രൂപ് രണ്ടിൽ ഒന്നാംംസ്ഥാനക്കാരായത്. ഇംഗ്ലണ്ടിനും എട്ട് പോയന്റുണ്ടെങ്കിലും റൺറേറ്റിൽ പിറകിലായി. ഗ്രൂപ് ഒന്നിൽ ഓസീസും (8) അഫ്ഗാനുമാണ് (6) ആദ്യ രണ്ട് സ്ഥാനക്കാർ.
