
പാറ്റ് കമിൻസ്
സിഡ്നി: ഒരാഴ്ചക്കപ്പുറം ട്വന്‍റി20 ലോകകപ്പ് തുടങ്ങാനിരിക്കെ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് സ്റ്റാർ ഓൾറൗണ്ടർ പാറ്റ് കമിൻസ് ടൂർണമെന്റിൽനിന്ന് പുറത്തായി. പുറംവേദന പൂർണ്ണമായും ഭേദമാകാത്തതിനാലാണ് കമിൻസിന് ലോകകപ്പ് നഷ്ടമാകുന്നത്. ഫെബ്രുവരി 7നാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്‍റിന് തുടക്കമാരുന്നത്. 15 അംഗ അന്തിമ സ്ക്വാഡിനെ ആസ്‌ട്രേലിയ പ്രഖ്യാപിച്ചപ്പോൾ കമിൻസിന് പുറമെ ടോപ് ഓർഡർ ബാറ്റർ മാത്യു ഷോർട്ടിനെയും ടീമിൽനിന്ന് ഒഴിവാക്കി. ഇടംകൈയ്യൻ പേസർ ബെൻ ഡ്വാർഷൂയിസിനെയും ബാറ്റർ മാത്യു റെൻഷോയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“പാറ്റ് കമിൻസിന് പരിക്കിൽനിന്ന് മുക്തനാകാൻ കൂടുതൽ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ബെൻ ഡ്വാർഷൂയിസ് മികച്ചൊരു പകരക്കാരനാണ്. വേഗതയിൽ പന്ത് സ്വിങ് ചെയ്യാനുള്ള കഴിവും അവസാന ഓവറുകളിൽ ബാറ്റിങ്ങാൽ തിളങ്ങാനുള്ള കഴിവും ബെന്നിനുണ്ട്. ശ്രീലങ്കയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങൾക്ക് ഇത് ഗുണകരമാകും” -പകരക്കാരെ ഉൾപ്പെടുത്തിയതിനെ കുറിച്ച് സെലക്ടർ ടോണി ഡോഡമെയ്‌ഡ് പറഞ്ഞു. റെൻഷോ നിലവിൽ മികച്ച ഫോമിലാണെന്നും മധ്യനിരയിൽ ഒരു ഇടംകൈയ്യൻ ബാറ്ററുടെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്നുമാണ് ടീം മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ.
ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ആസ്‌ട്രേലിയ മത്സരിക്കുന്നത്. അയർലൻഡ്, സിംബാബ്‌വെ, ശ്രീലങ്ക, ഒമാൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 11ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് ആസ്‌ട്രേലിയയുടെ ആദ്യ മത്സരം.
