ബംഗളൂരു: രാജ്യം കണ്ട മികച്ച പ്രതിരോധ താരങ്ങളിലൊരാളും ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ഇതിഹാസവുമായ ഇല്യാസ് പാഷ അന്തരിച്ചു. 61 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പാഷ വടക്കൻ ബംഗളൂരുവിൽ വയലിക്കാവലിലെ വീട്ടിലാണ് അന്ത്യശ്വാസം വലിച്ചത്.
1987ൽ കോഴിക്കോട്ട് ബൾഗേറിയക്കെതിരെ നടന്ന നെഹ്റു കപ്പ് മത്സരത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 1991ലെ നെഹ്റു കപ്പ്, സാഫ് കപ്പ്, 1992 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു റൈറ്റ് വിങ് ബാക്കായ പാഷ. 1989ൽ കൊൽക്കത്ത മുഹമ്മദൻസിലും തുടർന്ന് ഈസ്റ്റ് ബംഗാളിലുമെത്തി.
തുടർന്ന് അഞ്ച് വീതം കൽക്കട്ട ഫുട്ബാൾ ലീഗ്, ഐ.എഫ്.എ ഷീൽഡ്, നാല് ഡ്യൂറൻഡ് കപ്പ്, രണ്ട് റോവേഴ്സ് കപ്പ്, ഒരു ഫെഡറേഷൻ കപ്പ് തുടങ്ങി 30ഓളം കിരീടനേട്ടങ്ങളിൽ പങ്കുവഹിച്ചു. അന്താരാഷ്ട്ര ടൂർണമെന്റായ വായ് വായ് കപ്പ് കിരീടത്തിലേക്ക് ഈസ്റ്റ് ബംഗാളിനെ നയിച്ചു. കർണാടകയെയും ബംഗാളിനെയും സന്തോഷ് ട്രോഫിയിൽ പ്രതിനിധാനം ചെയ്തു. ബംഗാളിനായി രണ്ട് കിരീടങ്ങളും സ്വന്തമാക്കി.
