
ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി.പി.എൽ) ഞായറാഴ്ച നോഖാലി എക്സ്പ്രസിന് വേണ്ടി ക്രീസിലെത്തിയ അഫ്ഗാൻ താരങ്ങളായ ഹസൻ ഇസാഖിലും പിതാവ് മുഹമ്മദ് നബിയും ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ചു. ഒരു പ്രമുഖ ടി20 ലീഗിൽ ഒരുമിച്ച് ക്രീസ് പങ്കിടുന്ന ആദ്യ പിതാവും മകനുമെന്ന നേട്ടം ഇവർ സ്വന്തമാക്കി. സിൽഹെറ്റിൽ ധാക്ക ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലാണ് അപൂർവ നിമിഷം പിറന്നത്. 20കാരനായ ഹസൻ ഇസാഖിലിന് പിതാവ് മുഹമ്മദ് നബി തന്നെയാണ് അരങ്ങേറ്റത്തിനു മുമ്പ് ക്യാപ് സമ്മാനിച്ചത്.
തന്റെ ആദ്യ വിദേശ ഫ്രാഞ്ചൈസി മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഹസൻ കാഴ്ചവെച്ചത്. 60 പന്തുകളിൽ നിന്ന് ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും അടക്കം 92 റൺസാണ് താരം അടിച്ചെടുത്തത്. മത്സരത്തിന്റെ 14-ാം ഓവറിൽ മുഹമ്മദ് നബി ബാറ്റിങ്ങിനായി എത്തിയതോടെയാണ് ഇരുവരും ക്രീസിൽ ഒന്നിച്ച ചരിത്ര നിമിഷം പിറന്നത്. നാലാം വിക്കറ്റിൽ പിതാവും മകനും ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിൽ ഹസൻ ആയിരുന്നു കൂടുതൽ ആക്രമിച്ചു കളിച്ചത്. മുഹമ്മദ് നബി 13 പന്തിൽ 17 റൺസെടുത്ത് പുറത്തായി. അധികം വൈകാതെ ഹസനും പുറത്തായി. മത്സരത്തിൽ നോഖാലി എക്സ്പ്രസ് 41 റൺസിന് ജയിച്ചു.
ഹസന്റെ ബാറ്റിംഗ് ശൈലിക്ക് പിതാവ് നബിയുടേതുമായി വളരെയധികം സാമ്യമുണ്ടെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. നബിയുടെ ട്രേഡ്മാർക്ക് ഷോട്ടായ പുൾ ഷോട്ട് ഹസനും മനോഹരമായി കളിക്കുന്നുണ്ടായിരുന്നു. ക്രീസിലെ നിൽപ്പും സ്ക്വയർ കട്ടുകളും ഫ്ളക്കുകളും ഉൾപ്പെടെ നബിയുടെ ഷോട്ടുകൾക്ക് സമാനമായിരുന്നു. ഇതിനു മുമ്പ് ഇരുവരും പരസ്പരം എതിരാളികളായി ആറ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നബിയുടെ പന്തിൽ ഹസൻ സിക്സർ അടിക്കുന്ന വിഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇതുവരെ കാണാത്ത അപൂർവ നിമിഷത്തിനാണ് ഞായറാഴ്ച ബി.പി.എൽ സാക്ഷ്യം വഹിച്ചത്.
