'400 വിക്കറ്റ് നേടിയാൽ നിങ്ങളെ ടീമിൽ നിന്നും ഒഴിവാക്കും'; ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് പത്താൻ



ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ഷമിയെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ തയാറാകാത്തതിലാണ് പത്താന്റെ വിമർശനം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഏറ്റവും വലിയ ചർച്ചാ വിഷയം ഷമിയാണെന്ന് ഇർഫാൻ പത്താൻ പറഞ്ഞു.

ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ കളിച്ച് തിരികെ പോയ ആളല്ല ഷമി. 500 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഷമി നേടിയത്. നിങ്ങൾ 400ൽ കൂടുതൽ വിക്കറ്റുകൾ നേടിയാൽ ടീമിൽ നിന്നും ഒഴിവാക്കും. നിങ്ങളുടെ ഫിറ്റ്നെസ്സി​നെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കും. 200 ഓവർ പന്തെറിഞ്ഞ ഷമിയുടെ ഫിറ്റ്നെസിനെ കുറിച്ചാണ് സംശയം ഉന്നയിക്കുന്നത്. എന്താണ് സെലക്ഷൻ കമ്മിറ്റി ചിന്തിക്കുന്നതെന്ന് അവർക്ക് മാത്രമേ അറിയുവെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

മികച്ച ഇന്നിങ്സ് കളിച്ചിട്ടും ഋതുരാജ് ഗെയ്ക്‍വാദിന് എന്തുകൊണ്ട് ടീമിൽ ഇടംലഭിച്ചില്ല. ലിസ്റ്റ് എ ക്രിക്കറ്റിൽ 83 ആണ് ദേവ്ദത്ത് പടിക്കലിന്റെ ശരാശരി. എന്നാൽ, ഏകദിന ടീമിന്റെ അടുത്തെങ്ങും പടിക്കലെത്തിയിട്ടില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന ടീമിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലുണ്ട്. പരിക്കിൽനിന്ന് പൂർണ മുക്തനായില്ലെങ്കിലും ശ്രേയസ് അയ്യരെ ഉപനായകനാക്കിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടവേളക്കു ശേഷം പേസർ മുഹമ്മദ് സിറാജ് തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും മുഹമ്മദ് ഷമിയെ പരിഗണിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ ഗില്ലിന്‍റെയും ശ്രേയസിന്‍റെയും അഭാവത്തിൽ ടീമിനെ നയിച്ച കെ.എൽ. രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറായപ്പോൾ, രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു സാസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ എന്നിവരാണ് ഓൾറൗണ്ടർമാരുടെ സ്ലോട്ടിലുള്ളത്. കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ ശ്രേയസ് കളിക്കാനിറങ്ങൂ. ഓസീസ് പര്യടനത്തിനിടെയാണ് താരത്തിന് വാരിയെല്ലിന് പരിക്കേറ്റത്.



© Madhyamam