കൊച്ചി: പോകുന്നവർക്ക് പോകാം, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നയമെന്നു തോന്നും ടീമിലെ എണ്ണം പറഞ്ഞ കളിക്കാർ ഓരോരുത്തരായി കളം വിടുന്നതു കാണുമ്പോൾ. ഇത്തവണ സൂപ്പർലീഗ് നടക്കുമോ ഇല്ലയോ എന്ന കാര്യം ഉറപ്പില്ലാത്തതിനാൽ, ബ്ലാസ്റ്റേഴ്സ് താരങ്ങൾ പലരും മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്. വിദേശ ക്ലബുകളിലേക്കാണ് താരങ്ങൾ ഒന്നൊന്നായി ഒഴുകുന്നത്. ഏറ്റവുമൊടുവിൽ ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പിന്നാലെ സ്റ്റാർ സ്ട്രൈക്കർ നോഹ സദോയിയും ടീമിൽനിന്നിറങ്ങി.
ടീമിന്റെ നെടുംതൂണുകളായ രണ്ടുപേർ മണിക്കൂറുകളുടെ ഇടവേളയിൽ കളം വിടുമ്പോൾ ‘പണ്ടേ ദുർബല’യായ ബ്ലാസ്റ്റേഴ്സ് കൂടുതൽ മെലിഞ്ഞുണങ്ങുകയാണ്. ഇനി ടീമിൽ അവശേഷിക്കുന്നത് മൂന്ന് വിദേശതാരങ്ങൾ മാത്രം. ഈ സീസണിൽ വന്ന സ്പാനിഷ് സ്ട്രൈക്കർ കോൾദോ ഒബെയ്റ്റ, സെൻറർ ബാക്ക് യുവാൻ റോഡ്രിഗസ്, കഴിഞ്ഞ സീസണിലെത്തിയ മിഡ്ഫീൽഡർ ദുഷാൻ ലഗാറ്റോർ എന്നിവരാണിവർ. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ഇവരും ബ്ലാസ്റ്റേഴ്സിലെ ‘പണി’ നിർത്തിയേക്കും.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമായിരുന്ന ജീസസ് ജെമിനിസ്, പ്രതിരോധ ഭടൻ മിലോസ് ഡ്രിൻസിച്ച്, ഈ സീസണിൽ സൂപ്പർകപ്പിനായി എത്തിച്ച പോർച്ചുഗൽ താരം തിയാഗോ ആൽവസ് എന്നിവരാണ് അടുത്തിടെ ടീം വിട്ട മറ്റു വിദേശതാരങ്ങൾ. ഐ.എസ്.എൽ ഇത്തവണ മുങ്ങുന്ന കപ്പലായി മാറിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ക്ലബുകളുടെ സ്ഥിതിയും പരിതാപകരമായത്. സീസൺ നടക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി വന്നുമൂടിയ ക്ലബ് താരങ്ങളെയും പരിശീലകരെയും വിദേശത്തേക്ക് അയച്ചിരുന്നു. കൂടാതെ, സാലറി കട്ടും മറ്റു ചെലവു ചുരുക്കലുമെല്ലാം പ്രാബല്യത്തിൽ വരികയും ചെയ്തു. സീസണില്ലാത്തതിനാൽ പരിശീലനവും തഥൈവ. ഇതിനിടെയാണ് തങ്ങളുടെ കരിയർ നശിപ്പിക്കാൻ തയാറാല്ലാത്ത താരങ്ങൾ കൂടുമാറുന്നത്.
ഇതിനിടെ ഫെബ്രുവരിയിൽ ഐ.എസ്.എൽ നടക്കുമെന്ന സൂചനയുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എൽ തയാറെടുപ്പുകൾ വൻ തലവേദനയാവും. മികച്ച താരങ്ങളെല്ലാം ടീം വിട്ടതുതന്നെയാണ് പ്രധാന വെല്ലുവിളി. ടീമിലെ പരിചയസമ്പന്നരും ഐ.എസ്.എല്ലിൽ ഇതിനകം വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരുമായ ലൂണ, ജെമിനിസ്, നോഹ തുടങ്ങിയവരെ പോലുള്ളവർക്ക് പകരം പുതിയ താരങ്ങളെ എടുക്കേണ്ടതുണ്ട്. കൂടാതെ, ഇവർ ടീമുമായും കേരളവുമായും പൊരുത്തപ്പെടാനും മറ്റും സമയമെടുക്കുമെന്നതാണ് പ്രശ്നം.
