
ദുബൈ: ഇന്ത്യയെ കീഴടക്കി അണ്ടർ19 ഏഷ്യകപ്പ് കിരീടം പാകിസ്താൻ സ്വന്തമാക്കി. 191 റൺസിനാണ് പാക് ജയം. കലാശപ്പോരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് ഓൾഔട്ടായി. പത്താമനായി ക്രീസിലെത്തിയ ദീപേഷ് ദേവന്ദ്രനാണ് (16 പന്തിൽ 36) ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ. വൈഭവ് സൂര്യവംശി (26), ക്യാപ്റ്റൻ ആയുഷ് മാത്രെ (2), ആരോൺ ജോർജ് (16), വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേതി (9), അഭിഗ്യാൻ കുണ്ടു (13), കനിഷ് ചൗഹാൻ (9), ഖിലാൻ പട്ടേൽ (19) എന്നിവർ കാര്യമായ ചെറുത്ത നിൽപ്പിന് നിൽകാതെ കീഴടങ്ങി. മൂന്ന് റൺസുമായ കിഷാൻസിങ് പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അലിറാസയാണ് ഇന്ത്യക്ക് കനത്ത ആഘാതം ഏൽപ്പിച്ചത്.
നേരത്തെ, 113 പന്തിൽ ഒൻപത് സിക്സും 17 ഫോറും ഉൾപ്പെടെ 172 റൺസെടുത്ത ഓപണർ സമീർ മിൻഹാസിന്റെയും അർധ സെഞ്ച്വറി നേടിയ അഹമ്മദ് ഹുസൈന്റെയു (56) ബാറ്റിങ് മികവിലാണ് പാകിസ്താൻ കൂറ്റൻ സ്കോറിലെത്തിയത്.
ക്യാപ്റ്റൻ ഫർഹാൻ ഫൗസാൻ 19 ഉം ഓപണർ ഹംസ സഹൂർ 18ഉം ഉസ്മാൻ ഖാൻ 35ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവന്ദ്രൻ മൂന്നും ഹെനിൽ പട്ടേൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
