
മുംബൈ: അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽനിന്ന് ശുഭ്മൻ ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അടുത്തിടെയാണ് വൈസ് ക്യാപ്റ്റനായി ഗില്ലിനെ അവരോധിക്കുന്നത്. അഭിഷേക് ശർമക്കൊപ്പം ഓപ്പണറായി സ്ഥാനക്കയറ്റവും നൽകി.
ഓപ്പണറായി തകർപ്പൻ ഫോമിൽ ബാറ്റുവീശിയിരുന്ന മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ മുൻനിരയിൽ പ്രതിഷ്ഠിച്ചത്. എന്നാൽ ഓപ്പണിങ്ങിൽ ഗില്ലിന് ശോഭിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 മത്സരങ്ങളിൽ താരം ആകെ നേടിയത് 266 റൺസ് മാത്രമാണ്. 19 ആണ് ശരാശരി. ഒരു അർധ സെഞ്ച്വറി പോലും താരത്തിന്റെ പേരിലില്ല. ഗിൽ തുടർച്ചയായി നിറംമങ്ങുകയും സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്തതോടെ താരത്തിനെതിരെ വിർശനവും ശക്തമായി. സഞ്ജുവിന് അവസരം നൽകണമെന്ന് മുൻതാരങ്ങൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഗില്ലിനു പകരക്കാരനായി ഇറങ്ങിയ സഞ്ജു ഓപ്പണിങ്ങിൽ അഭിഷേകിനൊപ്പം തിളങ്ങുകയും ചെയ്തു. എന്നാൽ, ഫോം കണ്ടെത്താനാകാതെ വലഞ്ഞ ഗില്ലിനെ സ്ക്വാഡിൽനിന്നു തന്നെ പൂർണമായി തഴയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്ക്വാഡിൽനിന്ന് ഒഴിവാക്കുന്ന വിവരം ഗില്ലിനെ പോലും അവസാന മിനിഷം മാത്രമാണ് സെലക്ഷൻ കമ്മിറ്റി അറിയിച്ചത്. അതേസമയം, താരത്തിന്റെ ഫോമില്ലായ്മ മാത്രമായിരുന്നില്ല സ്ക്വാഡിൽനിന്ന് ഒഴിവാക്കുന്നതിനു പിന്നിലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇന്ത്യയും ശ്രീലങ്കയും സംയുക്ത വേദിയാകുന്ന ടൂർണമെന്റിന് ഒരുക്കുന്ന പിച്ചിന്റെ സ്വഭാവം കൂടി കണക്കിലെടുത്താണ് ഗില്ലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് വ്യത്യസ്ത വേദികളിലാണ്. മത്സരം പുരോഗമിക്കുംതോറും വേഗത കുറയുന്ന തരത്തിലാണ് പിച്ചൊരുക്കുന്നത്. അതുകൊണ്ടു തന്നെ മത്സരത്തിന്റെ വിധി നിർണയിക്കുന്നതിൽ പവർ പ്ലേയിലെ പ്രകടനം ടീമുകൾക്ക് നിർണായകമാകും. അതിനാൽ കൂടുതൽ സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുക്കുന്ന സഞ്ജുവിലും അഭിഷേകിലും ഇഷാൻ കിഷനിലും സെലക്ടർമാർ വിശ്വാസം അർപ്പിക്കുകയായിരുന്നു.
ഓപ്പണിങ്ങിൽ അഭിഷേക് ഇതിനകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സഞ്ജുവിനാണെങ്കിൽ ആത് സാഹചര്യങ്ങളിലും ടീമിനായി കളിക്കാനാകുന്നതും അനുകൂലമായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കിരീടം നേടികൊടുക്കുന്നതിൽ ഇഷാന്റെ ബാറ്റിങ്ങ് നിർണായക പങ്കുവഹിച്ചിരുന്നു. ഗിൽ പുറത്തായതോടെ അക്സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ തവണ ലോകകപ്പ് ടീമുലുണ്ടായിട്ടും സഞ്ജുവിന് ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ് പന്തായിരുന്നു വിക്കറ്റ്കീപ്പർ. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.
