ആർച്ചറിന് അഞ്ച് വിക്കറ്റ്, ആസ്ട്രേലിയ 371ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ പതറി ഇംഗ്ലണ്ട്


ഒലി പോപ്പിനെ പുറത്താക്കിയ നേഥൻ ലിയോണിന്‍റെ ആഹ്ലാദം

അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽത്തന്നെ ജോഫ്ര ആർച്ചർ എറിഞ്ഞിട്ടു. അർധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലിയോൺ (9) എന്നിവരാണ് പുറത്തായത്. ഇതോടെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്താനും ആർച്ചറിനായി. 14 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി. 22 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഹാരി ബ്രൂക്ക് (15*), ബെൻ സ്റ്റോക്സ് (5*) എന്നിവരാണ് ക്രീസിൽ. സാക് ക്രൗലി (9), ബെൻ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവരാണ് പുറത്തായത്. തിരിച്ചെത്തിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോൾ, മറ്റ് വിക്കറ്റുകൾ സ്പിന്നർ നേഥൻ ലിയോണാണ് പിഴുതത്.

ക്യാരിക്ക് സെഞ്ച്വറി

സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106), അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82) എന്നിവരാണ് ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരെ നഷ്ടമായി. തുടർച്ചയായ രണ്ട് ഓവറുകളിൽ ജേക്ക് വെതർലൻഡും (18) ട്രാവിസ് ഹെഡും (10) വീണു. തുടക്കത്തിലെ പതർച്ചയിൽനിന്ന് തിരികെ വരുന്നതിനിടെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ ഓസീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 19 റൺസെടുത്ത മാർനസ് ലബൂഷെയ്ന് പിന്നാലെ കാമറൂൺ ഗ്രീൻ സംപൂജ്യനായി മടങ്ങി.

ക്ഷമയോടെ കളിച്ച ഖ്വാജ 81 പന്തിലാണ് അർധ ശതകം പൂർത്തിയാക്കിയത്. ആകെ 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസ് നേടിയാണ് താരം പുറത്തായത്. അലക്സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കാനും ഖവാജക്കായി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 13 റൺസ് നേടിയ താരത്തെ ബ്രൈഡൻ കാഴ്സ്, ഒലി പോപ്പിന്‍റെ കൈകകളിലെത്തിച്ചു. സെഞ്ച്വറി നേടിയതിനു പിന്നാലെ ക്യാരി പുറത്തായത് ഓസീസിന് നിരാശയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 106 റൺസാണ് താരം നേടിയത്.

© Madhyamam