യു.എ.ഇക്കെതിരെ ഗോൾ നേടിയ അൽ ബർക്കോയ് കരീമിനെ അമീൻ സഹ്സൂ അഭിനന്ദിക്കുന്നു
ദോഹ: ഫിഫ അറബ് കപ്പ് ആദ്യ സെമിയിൽ യു.എ.ഇയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി മൊറോക്കോ കരുത്ത്. കളിയിലുടനീളം ആധിപത്യം ഉറപ്പിച്ച മൊറോക്കോ മികച്ച പ്രതിരോധവും മുന്നേറ്റവും ഒരുക്കിയാണ് ഫൈനൽ ടിക്കറ്റ് എടുത്തത്.
കളിയുടെ തുടക്കത്തിൽ തന്നെ മൊറോക്കോ ആക്രമണം അഴിച്ചുവിട്ടു. ഏഴാം മിനിറ്റിൽ അൽ ബർകോയ് കരീമും പത്താം മിനിറ്റിൽ അനസ് ബാച്ചും യു.എ.ഇയുടെ ഗോൾ പോസ്റ്റിന് ഭീഷണിയുയർത്തിയെങ്കിലും യു.എ.ഇ പ്രതിരോധ നിരയും ഗോൾകീപ്പർ ഹമദ് അൽമഖ്ബാലിയും രക്ഷകരായി.
എന്നാൽ, യു.എ.ഇയുടെ പ്രതിരോധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 28ാം മിനിറ്റിൽ മൗസോയുടെ അസിസ്റ്റിൽ അൽ ബർക്കോയ് കരീം ഹെഡറിലൂടെ മനോഹരമായ ഗോൾ സ്വന്തമാക്കി. ഒരു ഗോൾ ലീഡിന്റെ കരുത്തോടെ ആദ്യ പകുതിയിൽ തുടർന്ന മൊറോക്കോ, മുന്നേറ്റ താരം അമീൻ സഹ്സൂവിലൂടെ രണ്ടാമത്തെ ശ്രമം നടത്തിയെങ്കിലും യു.എ.ഇയുടെ ഗോൾ കീപ്പർ ഹമദ് അൽമെഖ്ബാലി കൈയിലൊതുക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് റബി, മുഹമ്മദ് ബലാക്സൗത് എന്നിവർ നടത്തിയ നീക്കങ്ങൾക്കും ഫലം കാണാൻ സാധിച്ചില്ല.
രണ്ടാം പാതിയിൽ കളത്തിലിറങ്ങിയ യു.എ.ഇ മികച്ച പാസിങ്ങുകളിലൂടെ മൊറോക്കോ ഗോൾ പോസ്റ്റ് ലക്ഷ്യമിട്ട് മുന്നേറ്റം നടത്തി. തുടക്കത്തിൽ തന്നെ റൂബൻ അംറാൽ നടത്തിയ ശ്രമം ഗോൾ കീപ്പർ അൽ മെഹ്ദി ബെനബിദ് തടഞ്ഞു. തുടർന്ന് ബേർണോ, മാജിദ് റാഷിദ് എന്നിവർ നടത്തിയ ശ്രമങ്ങളും മൊറോക്കോ പ്രതിരോധത്തിൽ തട്ടിനിന്നു. എന്നാൽ, മറുഭാഗത്ത് കിട്ടിയ അവസരങ്ങൾ മുതലെടുത്ത് മൊറോക്കോ മികച്ച മുന്നേറ്റവും നടത്തി. 83ാം മിനിറ്റിൽ അബ്ദുറസാഖ് ഹംദല്ലാഹ് അസിസ്റ്റിൽ അഷ്റഫ് അൽ മഹ്ദി രണ്ടാം ഗോൾ വലയിലെത്തിച്ചു. ഇതോടെ യു.എ.ഇയുടെ മുന്നേറ്റവും പ്രതിരോധവും ഒരുപോലെ സമ്മർദത്തിലായി. അധിക നിമിഷത്തേക്ക് നീണ്ട കളിയിൽ അബ്ദുറസാഖ് ഹംദല്ലാഹ് മൂന്നാമത്തെ ഗോൾ കൂടി നേടിയതോടെ യു.എ.ഇയുടെ പതനം പൂർണമാക്കുകയായിരുന്നു. 18ന് നടക്കുന്ന ഫൈനലിൽ ജോർഡൻ-സൗദി അറേബ്യ തമ്മിലുള്ള രണ്ടാമത്തെ സെമിയിലെ വിജയികളെ മൊറോക്കോ നേരിടും.
