മഡ്രിഡ്: കോച്ച് അലൻസോയുടെ ഭാവി കൂടുതൽ പരുങ്ങലിലാക്കി റയൽ മഡ്രിഡിന് വീണ്ടും വീഴ്ച. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. പ്രിമിയർ ലീഗിൽ ഒന്നാമന്മാരായി കുതിപ്പ് തുടരുന്ന ആഴ്സനൽ കാൽഡസൻ ഗോളിന് ക്ലബ് ബ്രൂഗെയെ മടക്കിയപ്പോൾ ലാ ലിഗ ടീമായ അറ്റ്ലറ്റിക് ബിൽബാവോക്ക് മുന്നിൽ പി.എസ്.ജി ഗോൾരഹിത സമനില വഴങ്ങി.
റയലിന് തോൽവി; അലൻസോക്ക് ഞെട്ടൽ
തുടർ തോൽവികളുമായി കരപിടിക്കാനാവാതെ ഉഴറുന്നതിനിടെ റയൽ ആരാധകർക്കും ടീമിനും ഒരുപോലെ ഞെട്ടലായി സ്വന്തം തട്ടകത്തിൽ തോൽവി. 28ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിൽ ലീഡ് പിടിച്ചശേഷമായിരുന്നു രണ്ടെണ്ണം തിരിച്ചുവാങ്ങി തോറ്റുമടങ്ങിയത്. ആദ്യ പകുതിയിൽതന്നെ സിറ്റി രണ്ടുവട്ടം ഗോളടിച്ച് ജയമുറപ്പിച്ചു. നികൊ ഒറീലിയും എർലിങ് ഹാലൻഡുമായിരുന്നു സ്കോറർമാർ. ആക്രമണത്തിലും മധ്യനിരയിലും ഏറ്റവും മികച്ച താരപ്പട കൂട്ടുണ്ടായിട്ടും സമീപനാളുകളിൽ ടീം വഴങ്ങിയ തോൽവികൾക്കു സമാനമായിരുന്നു സാന്റിയായോ ബെർണബ്യൂവിലെയും വൻവീഴ്ച. ക്ലോസ് റേഞ്ചിൽ രണ്ടുവട്ടം ലഭിച്ച സുവർണാവസരങ്ങൾ വിനീഷ്യസ് ജൂനിയർ പുറത്തേക്കടിച്ച് തുലച്ചതും ഗോളിയെ മാത്രം മുന്നിൽ നിർത്തി ജൂഡ് ബെല്ലിങ്ഹാം ബാറിന് മുകളിലൂടെ ഗാലറിയിലെത്തിച്ചതുമടക്കം റയൽ അവസരങ്ങൾ പലത് നഷ്ടപ്പെടുത്തി.
കാൽഡസൻ ഗണ്ണേഴ്സ്
പ്രിമിയർ ലീഗിൽ അജയ്യ കുതിപ്പുമായി ആറ് പോയന്റ് ലീഡ് പിടിച്ച് ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ എതിരാളികളായ ബെൽജിയം ടീമിനെ പൂട്ടിയത് 3-0ന്. മധ്യനിരയിൽനിന്ന് ഓടിക്കയറി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളടക്കം രണ്ടുവട്ടം വല ചലിപ്പിച്ച നോനി മദുവേകയായിരുന്നു കളിയിലെ സൂപ്പർ താരം. അവശേഷിച്ച ഗോൾ ഗബ്രിയേൽ മദുവേക വകയായിരുന്നു. അറ്റ്ലറ്റിക് ബിൽബാവോക്കെതിരെ അവരുടെ തട്ടകത്തിൽ കളിച്ച പി.എസ്.ജി ഗോളടിക്കാൻ മറന്നാണ് മടങ്ങിയത്. ആറുകളികളിൽ ടീമിന് 13 പോയന്റായെന്നത് മാത്രമായിരുന്നു എടുത്തുപറയേണ്ടത്. പ്രിമിയർ ലീഗ് ടീമായ ന്യൂകാസിൽ ബുണ്ടസ് ലിഗ ടീമായ ബയേർ ലെവർകൂസനോട് 2-2ന് സമനില ചോദിച്ചുവാങ്ങി. ബൊറൂസിയ ഡോർട്മണ്ട് ഇതേ സ്കോറിന് ബോഡോയോടും തുല്യത വഴങ്ങി.
ഇറ്റാലിയൻ ചാമ്പ്യനായ നാപോള എതിരില്ലാത്ത രണ്ട് ഗോളിന് ബെൻഫിക്കക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ യുവന്റസ് അതേ സ്കോറിന് പാഫോസിനോട് ജയിച്ചു. അയാക്സ് ആംസ്റ്റർഡാം 4-2ന് ഖരാബാഗിനെയും കോപൻ ഹേഗൻ 3-2ന് വിയ്യാ റയലിനെയും വീഴ്ത്തി.
മൂന്ന് റയൽ താരങ്ങൾക്ക് രണ്ടു കളികളിൽ വിലക്ക്
മഡ്രിഡ്: കഴിഞ്ഞ ദിവസം ലാ ലിഗ മത്സരത്തിൽ റഫറിയോട് കയർത്തതിന് റയൽ മഡ്രിഡ് താരങ്ങളായ ഡാനി കർവായൽ, അൽവാരോ കാരേറാസ്, എൻഡ്രിക് എന്നിവർക്ക് രണ്ട് കളികളിൽ വിലക്ക്. സെൽറ്റ വിഗോയോട് എതിരില്ലാത്ത രണ്ടു ഗോളിന് റയൽ തോറ്റ മത്സരത്തിലായിരുന്നു സംഭവം.
