
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളം-അസം മത്സരത്തിൽനിന്ന്
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അസമിന് തുടക്കത്തിൽതന്നെ ക്യാപ്റ്റൻ സുമിത് ഖടിഗോങ്കറുടെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ പ്രദ്യുൻ സൈകിയയുടെ പ്രകടനമാണ് വിജയമൊരുക്കിയത്.
ഒരുവശത്ത് ഉറച്ചുനിന്ന പ്രദ്യുൻ സൈകിയ 18.5 ഓവറിൽ ടീമിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തിച്ചു. പ്രദ്യുൻ 41 റൺസുമായി പുറത്താകാതെനിന്നു. കേരളത്തിനുവേണ്ടി കെ.എം. ആസിഫ് രണ്ടും ഷറഫുദ്ദീൻ, അഖിൽ സ്കറിയ, ബാസിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
