റാഷിദിനും ബ്രാവോക്കും ശേഷം ആദ്യം; 600 വിക്കറ്റ് ക്ലബിൽ ഇടം നേടി സുനിൽ നരെയ്ൻ



ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ ഇടം നേടി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും (681 വിക്കറ്റ്), വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോക്കും (631) ശേഷം ആദ്യമായാണ് ഒരു താരം ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് എന്ന മാജിക് നമ്പർ പിന്നിടുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റും ഐ.പി.എൽ ഉൾപ്പെടെ വിവിധ ചാമ്പ്യൻഷിപ്പുകളിലുമായാണ് സുരിൽ നരെയ്ന്റെ വിക്കറ്റ് നേട്ടം. ഐ.എൽ.ടി 20 ചാമ്പ്യൻഷിപ്പിൽ അബുദബി നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന നരെയ്ൻ ഷാർജ വാരിയേഴ്സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തികൊണ്ടാണ് 600 തികച്ചത്.

വിവിധ ടീമുകളിലായി 568 മത്സരങ്ങളിൽ 6.16 ​ഇകണോമിയിലായിരുന്നു ​പ്രകടനം. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയായിരുന്നു സുനിൽ കരിയറിലുടനീളം കളിച്ചത്. 189 മത്സരങ്ങളിൽ കെ​.കെ.ആറിനായി താരം കളത്തിലിറങ്ങി. വിരാട് കോഹ്‍ലി, കീരോൺ പൊളാർഡ് എന്നിവർക്കൊപ്പം സുനിൽ നരയ്നും മാത്രമാണ് ഒരു ടീമിനൊപ്പം 150ൽ ഏറെ മത്സരം കളിച്ചത്. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ (192) വിദേശ താരവും സുനിൽ നരെയ്നായിരുന്നു.

2012ൽ വെസ്റ്റിൻഡീസിനായി അരങ്ങേറ്റം കുറിച്ച സുനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ടീമുകൾക്കുവേണ്ടിയാണ് പന്തെറിഞ്ഞത്. ട്രിനിഡാഡ് ആന്റ് ടുബാഗോ, കൊൽക്കത്ത, സിഡ്നി സിക്സേഴ്സ്, ഗയാന വാരിയേഴ്സ്, കേപ് കോബ്രാസ്, മെൽബൺ റെനെഗാഡ്സ്, ലാഹോർ ഖലന്താഴ്സ്, ധാക്ക ​ഡൈനാമിറ്റ്സ്, ഓവൽ ഇൻവിൻസിബിൾസ്, അബുദബി നൈറ്റ് റൈഡേഴ്സ്, ലോസാഞ്ചലസ് നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായി കളിച്ചു.



© Madhyamam