കുവൈത്ത് സിറ്റി: ശക്തരായ ഈജിപ്തിനെ സമനിലയിൽ പിടിച്ചുകെട്ടി അറബ് കപ്പിൽ കുവൈത്തിന്റെ മികച്ച തുടക്കം.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മൽസരത്തിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയ ഈജിപ്തിനെ ശക്തമായി പിടിച്ചുകെട്ടുകയും അവസാന നിമിഷം വരെ ലീഡ് നിലനിർത്തുകയും ചെയ്ത കുവൈത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഈജിപ്തിന്റെ മുന്നേറ്റത്തോടെ ആരംഭിച്ച മൽസരത്തിൽ കുവൈത്ത് ഗോൾമുഖത്ത് നിരന്തര ആക്രമണങ്ങൾ നടന്നു. എന്നാൽ രണ്ടാം പകുതിയുടെ മധ്യത്തിൽ ഈജിപ്തിനെ ഞെട്ടിച്ച് കുവൈത്ത് ആദ്യ ഗോൾ നേടി. തങ്ങൾക്ക് അനുകൂലമായ കോർണർ കിക്ക് മുതലെടുത്ത് മികച്ച ഹെഡറിലൂടെ അൽ ഹജേരിയാണ് കുവൈത്തിനെ മുന്നിലെത്തിച്ചത്.
തൊട്ടുപിറകെ കുവൈത്ത് വീണ്ടും ഗോൾ നേടുന്ന ഘട്ടത്തിലെത്തിയെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ രക്ഷകനായി. കുവൈത്ത് വിജയിക്കുമെന്ന ഘട്ടത്തിൽ 87ാം മിനിറ്റിൽ മാഗ്ഡി അഫ്ഷ നേടിയ ഗോളിൽ ഈജിപ്ത് സമനില നേടി.
സമനിലയോടെ ജോർഡൻ, യു.എ.ഇ, ഈജിപ്ത് എന്നിവരടങ്ങുന്ന ഗ്രൂപ്പ്-സിയിൽ ഇരു ടീമുകൾക്കും ഓരോ പോയന്റുകൾ ലഭിച്ചു. ശനിയാഴ്ച ജോർഡൻ, ചൊവ്വാഴ്ച യു.എ.ഇ എന്നിവയാണ് കുവൈത്തിന്റെ അടുത്ത എതിരാളികൾ. തിങ്കളാഴ്ച ആരംഭിച്ച 11ാമത് ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ, തുനീഷ്യ, സിറിയ, ഫലസ്തീൻ (ഗ്രൂപ്പ്-എ), മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ് (ഗ്രൂപ്പ്-ബി), കുവൈത്ത്, ജോർഡൻ, യു.എ.ഇ, ഈജിപ്ത് (ഗ്രൂപ്പ്-സി), അൾജീരിയ, ഇറാഖ്, ബഹ്റൈൻ, സുഡാൻ (ഗ്രൂപ്പ്-ഡി) എന്നീരാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
