ദോഹ: ബഹ്റൈനെതിരെ വിജയത്തോടെ ഇറാഖ് (2-1) ഫിഫ അറബ് കപ്പിൽ പോരാട്ടം തുടങ്ങി. കളിയുടെ തുടക്കത്തിൽ തന്നെ ഇറാഖ് ലീഡെടുത്തത് ബഹ്റൈനെ പ്രതിരോധത്തിലക്കിയിരുന്നു. പത്താം മിനുറ്റിൽ ഇറാഖിന്റെ ഐമൻ ഹുസൈൻ എടുത്ത ഷോട്ട് ബഹ്റൈൻ ഗോൾകീപ്പർ ഇബ്രാഹിം ലുത്ഫല്ല ക്ലിയർ ചെയ്യുന്നതിനിടെ, ഓൺ ഗോളിലൂടെ ഇറാഖ് മുന്നിലെത്തി. ഇതിനിടെ പരിക്കേറ്റ് ഇബ്രാഹിം ലുത്ഫല്ല മടങ്ങിയതോടെ ഒമർ സലിം കളത്തിലിറങ്ങി.. എന്നാൽ കളിയുടെ അവസാന നിമിഷംവരെ ബഹ്റൈൻ താരങ്ങൾ നിറഞ്ഞുകളിച്ചപ്പോൾ പകരക്കാരനായി ഇറങ്ങിയ സയ്യിദ് ഹാഷിമിലൂടെ 79ാം മിനുറ്റിൽ ആശ്വാസ ഗോൾ കണ്ടെത്തി. അബ്ദുല്ല അൽഖലാസായിയുടെ മികച്ച ക്രോസ് ഹാഷി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഒടുവിൽ, സമനില ഗോളിനായി ബഹ്റൈൻ വീണ്ടും ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. അതിനിടെ ഇബ്റാഹീം അൽഖതൽ റെഡ് കാർഡ് ലഭിച്ച് പുറത്താകുകയും ചെയ്തു.മറ്റൊരു കളിയിൽ, നിലവിലെ ചാമ്പ്യന്മാരായ അൾജീരിയയെ സമനിലയിൽ തളച്ച് സുഡാൻ.
ഫിഫ അറബ് കപ്പ് അൾജീരിയ -സുഡാൻ മത്സരത്തിൽനിന്ന്
10ാം മിനുറ്റിൽ സുഫിയാൻ ബെൻഡെബ്ക ഒരു ഹെഡ്ഡറിലൂടെയും 25ാം മിനുറ്റിൽ ആദിൽ ബൗൾബിനയുടെ ഒരു ഷോട്ടും സുഡാൻ ഗോൾ വല ലക്ഷ്യമാക്കിയെങ്കിലും ഗോളി മുഹമ്മദ് അൽനൂർ പ്രതിരോധിക്കുകയായിരുന്നു. അൾജീരിയയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച മുഹമ്മദ് അൽനൂർ ആണ് കളിയിലെ താരം.അതേസമയം, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അൾജീരിയൻ സ്ട്രൈക്കർ ആദം ഉനാസ് രണ്ടാമത്തെ മഞ്ഞക്കാർഡും കണ്ട് പുറത്തായതോടെ അൾജീരിയ കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് രണ്ടാം പാതിയിൽ കളിയുടെ ഗതി പൂർണ്ണമായും മാറുന്നതായിരുന്നു കാഴ്ച. പത്തുപേരുമായി കളിച്ച അൾജീരിയക്കെതിരെ സുഡാൻ, പന്ത് കൈവശംവെച്ച് കളിയുടെ നിയന്ത്രണമെറ്റെടുത്തു. അബ്ദുൽറാസിഗ് യാക്കൂബ് സുഡാനായി ശ്രമം നടത്തെയെങ്കിലും പക്ഷെ വിഫലമാകുകയായിരുന്നു. അൾജീരിയക്കെതിരെ അവസരം കൃത്യമായി മതലെടുത്ത് ഗോളുകൾ കണ്ടെത്താൻ സുഡാന് സാധിച്ചില്ല. ശക്തമായ പ്രതിരോധം തീർത്ത് സുഡാന്റെ എല്ലാ ശ്രമങ്ങളെയും അൾജീരിയൻ താരങ്ങൾ തടഞ്ഞതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ഇന്നത്തെ മത്സരം
5.30: ഫലസ്തീൻ -തുണീഷ്യ
8.00: സിറിയ -ഖത്തർ
