ഈ ബാഴ്സ വേറെ ലെവൽ; റഫീന്യ നിറഞ്ഞാടി; അത്‍ലറ്റികോയെ വീഴ്ത്തി ബാഴ്സ കുതിപ്പ്

മ​ഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് മിന്നും ജയം. തുടർച്ചയായ വിജയങ്ങളുമായി കുതിക്കുന്ന അത്‍ലറ്റികോ മഡ്രിഡിനെ നൂകാംപിലെ മനോഹരമായ അറീനയിൽ 3-1ന് തരിപ്പണമാക്കികൊണ്ടായിരുന്നു ബാഴ്സലോണ കിരീടപോരാട്ടത്തിൽ ലീഡ് നൽകുന്ന വിജയം സ്വന്തമാക്കിയത്.

ബദ്ധവൈരികളായ റയൽ മഡ്രിഡ് തുടർ സമനിലയുമായി പതറുമ്പോഴാണ് ബാഴ്സലോണയുടെ മിന്നും വിജയങ്ങൾ. റോബർട്ടോ ലെവൻഡേവാസ്കി ആകാശത്തേക്ക് അടിച്ചു പറത്തിയ നഷ്ടപെനാൽറ്റിയിലൂടെയാണ് കളി മുറുകിയതെങ്കിലും രണ്ടാം പകുതി ബാഴ്സലോണ തങ്ങളുടേതാക്കി. റഫീന്യ മധ്യനിര വാണതോടെ ഒന്നിനു പിന്നാലെ ഒന്നായി ഗോളുകൾ. കളിയുടെ 19ാം മിനിറ്റിൽ അലക്സ് ബയേനയുടെ ഗോളിലൂടെ അത്‍ലറ്റികോ മഡ്രിഡായിരുന്നു നൂ കാംപിനെ ആദ്യം ഇളക്കി മറിച്ചത്. എന്നാൽ, തൊട്ടുപിന്നാലെ ബാഴ്സ തിരിച്ചടിച്ച് ഒപ്പമെത്തി. പെഡ്രിക്കൊപ്പം നടന്ന മുന്നേറ്റത്തിനൊടുവിൽ 26ാം മിനിറ്റിൽ റഫീന്യ സ്കോർ ചെയ്തു. പത്തു മിനിറ്റിനുള്ളിൽ ലീഡുയർത്താനുള്ള അവസരം ബാഴ്സക്ക് ലഭിച്ചുവെങ്കിലും ​ലെവൻഡോവ്സ്കിയുടെ ​പെനാൽറ്റി കിക്ക് ആകാശത്തേക്കാണ് പറന്നത്.

കളി മുറുകിയ രണ്ടാം പകുതിയിൽ ബാഴ്സക്ക് വിജയം ഉറപ്പിച്ച ഗോളുകളെത്തി. 65ാം മിനിറ്റിൽ ഡാനി ഒൽമോയും, ഇഞ്ചുറി ടൈമിലെ അവസാനമിനിറ്റിൽ ഫെറാൻ ടോറസും നേടിയ ഗോളുകൾ ബാഴ്സലോണക്ക് വജയം സമ്മാനിച്ചു.

ലാ ലിഗയിൽ തുടർച്ചയായ നാലാം വിജയവുമായി ബാഴ്സലോണ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 15 മത്സരങ്ങളിൽ 37 പോയന്റാണുള്ളത്. ഇന്ന് രാത്രിയിൽ 15ാം മത്സരത്തിനൊരുങ്ങുന്ന റയൽ മഡ്രിഡിഡ് 33 പോയന്റും.

കരുത്തരായ അത്‍ലറ്റികോക്കെതിരായ പ്രകടനം സംതൃപ്തി നൽകുന്നതെന്നായിരുന്നു കോച്ച് ഹാൻസി ഫ്ലികിന്റെ പ്രതികരണം. ‘ഈ ടീമിന്റെ പ്രകടനം ഉന്നത നിലവാരത്തിലായിരുന്നു. ശക്തരായിരുന്നു എതിരാളികൾ. നന്നായി പോരാടി. മത്സര ഫലം പൂർണ സംതൃപ്തി നൽകുന്നതാണ്’ മത്സര ശേഷം കോച്ച് പറഞ്ഞു. റഫീന്യയുടെയും പെഡ്രിയുടെയും പ്രകടനത്തെ പ്രശംസിച്ച കോച്ച്, ഡാനി ഓൽമോയുടെ പ്രകടനം വരാനിരിക്കുന്നതേ​യുള്ളൂവെന്ന മുന്നറിയിപ്പും നൽകി.



© Madhyamam