90കളിലെ പേസർമാരുടെ പേടി സ്വപ്നം റോബിൻ സ്മിത്ത് അന്തരിച്ചു



ലണ്ടൻ: ഇമ്രാൻ ഖാനും കട്‍ലി ആംബ്രോസും ഉൾപ്പെടെ 1980-90കളിലെ വിഖ്യാത പേസർമാരുടെ തീതുപ്പുന്ന പന്തുകൾ പൂവിറുക്കുന്ന ലാഘവത്തോടെ നുള്ളിയെടുത്ത് ബൗണ്ടറി ലൈനുകൾ കടത്തിയ മുൻ ഇംഗ്ലീഷ് ബാറ്റിങ് ലെജൻഡ് റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് ദമ്പതികളുടെ മകനായി ജനിച്ച് റോബിൻ സ്മിത്ത് ​ഇംഗ്ലണ്ടിനു വേണ്ടിയാണ് ക്രിക്കറ്റ് ക്രീസിലിറങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ വർണവിവേചന ഭരണകൂടത്തെ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിലക്കിയതോടെ, മതാപിതാക്കളുടെ നാടായ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനായിരുന്നു റോബിൻ സ്മിത്തിന്റെ തീരുമാനം.

1988 മുതൽ 1996 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 62 ടെസ്റ്റ് മത്സരങ്ങളും, 71 ഏകദിന മത്സരങ്ങളും കളിച്ചു. മികച്ച ബാറ്റർ എന്ന നിലയിൽ ശ്ര​ദ്ധ നേടിയ റോബിൻ സ്മിത്ത് 13 സെഞ്ച്വറികളും നേടിയിരുന്നു. പേസ് ബൗളർമാരെ നേരിടുന്നതിൽ മിടുക്കനായി മാറിയ റോബിൻ സ്മിത്ത് മൈക് ആതർടനും, അലക് സ്റ്റുവർട്ടും ഉൾപ്പെടെ ഇതിഹാസങ്ങൾ നിറഞ്ഞ ഇംഗ്ലീഷ് ടീമിൽ മധ്യനിരയിലും ഓപണിങ് റോളിലും ബാറ്റു വീശി. 1980-90കളിലെ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെയാണ് റോബിൻ സ്മിത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമാവുന്നതെന്ന് ഹാംപ്ഷെയറിൽ സഹതാരം കൂടിയായ കെവിൻ പറഞ്ഞു.

വെസ്റ്റിൻഡീസിന്റെയും ആസ്ട്രേലിയയുടെയും പേസ് ബൗളിങ് നിര ക്രിക്കറ്റിനെ വാണ കാലത്ത് ബൗളർരുടെയും പേടിസ്വപ്നമായ ബാറ്ററായിരുന്നു റോബിൻ സ്മിത്ത്. എതിർ ബൗളർമാർക്കു മുന്നിൽ ​അസാമാന്യ ധൈര്യത്തോടെ ബാറ്റേന്തിയ താരമായിരുന്നു റോബിൻ -ബി.ബി.സി റേഡിയോ​യിൽ കെവിൻ ജെയിംസ് പറഞ്ഞു. സഹോദരൻ ക്രിസ് സ്മിത്തും ഇംഗ്ലണ്ടിനായി കളിച്ചിരുന്നു.

റോബിൻ സ്മിത്ത്

പഴയ കാലത്തെ ജഡ്ജിമാരുടെ ഹെയർസ്റ്റൈലിനോടുള്ള രൂപ സാദൃശ്യത്തിന്റെ പേരിൽ ‘ദി ജഡ്ജ്’ എന്ന വിളി​പ്പേരിലായിരുന്നു ക്രിക്കറ്റ് ലോകത്ത് റോബിൻ സ്മിത്ത് അറിയപ്പെട്ടത്. 1994ൽ വിൻഡീസിനെതിരെ ആന്റിഗ്വെ ടെസ്റ്റിൽ 175 നേടി ആരാധക ഓർമകളിൽ ഇടം പിടിച്ചു. ഇതേ മത്സരത്തിലായിരുന്നു ബ്രയൻ ലാറയുടെ ബാറ്റിൽ നിന്നും 375 റൺസ് പിറന്നത്.

1993ൽ ആസ്ട്രേലിയക്കെതിരെ ഏകദിനത്തിൽ നേടിയ 167 റൺസിന്റെ പ്രകടനം ഏറെക്കാലം ഒരു ഇംഗ്ലീഷുകാര​ന്റെ ഏറ്റവും മികച്ച സ്കോറായി നിലനിന്നു. 2016ൽ പാകിസ്താനെതിരെ അലക്സ് ഹെയിൽസായിരുന്നു 171 റൺസുമായി ഏകദിനത്തിലെ ഈ ഇംഗ്ലീഷ് റെക്കോഡ് മറികടന്നത്.

62 ടെസ്റ്റ് മത്സരങ്ങളിൽ 43.65 ശരാശരിയിൽ 4236 റൺസെടുത്തു. 71ഏകദിനങ്ങളിൽ 39 ശരാശരിയിൽ 2419 റൺസും നേടി.



© Madhyamam