ഏഴ് വീതം സിക്സും ഫോറും, 61 പന്തിൽ പുറത്താകാതെ 108; വീണ്ടും വിസ്മയമൊരുക്കി 14കാരൻ വൈഭവ്



കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര സെൻസേഷനായ വൈഭവ് സൂര്യവംശിയുടെ വിസ്മയ പ്രകടനങ്ങൾ ആരാധകർക്ക് പുതുമയല്ല. 14കാരനായ വൈഭവിന്‍റെ ബാറ്റിന്‍റെ ചൂട് ഇത്തവണ അറിഞ്ഞത് മഹാരാഷ്ട്ര ടീമാണ്. ആഭ്യന്തര ട്വന്‍റി20 ടൂർണമെന്‍റായ സയ്യിദ് മുഷ്താഖലി ട്രോഫിയിൽ സെഞ്ച്വറി നേടിയ താരം വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിയിരിക്കുകയാണ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ബിഹാറിനായി കളത്തിലിറങ്ങിയ ഇടംകൈയൻ ബാറ്റർ, 61 പന്തിൽ പുറത്താകാതെ 108 റൺസാണ് അടിച്ചെടുത്തത്. തന്‍റെ 16-ാമത്തെ മാത്രം പ്രഫഷനൽ ടി20 മത്സരത്തിൽ ഏഴ് ഫോറും എട്ട് സിക്സറുകളും അടങ്ങുന്ന ഇന്നിങ്സാണ് വൈഭവ് കാഴ്ചവെച്ചത്.

താരത്തിന്‍റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ബിഹാർ 177 റൺസിന്‍റെ വിജയലക്ഷ്യമാണ് മഹാരാഷ്ട്രക്കു മുന്നിൽ ഉയർത്തിയത്. മത്സരത്തിൽ ബിഹാർ തോറ്റെങ്കിലും സയ്യിദ് മുഷ്താഖലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തം പേരിലാക്കി. പ്രഫഷനൽ കരിയറിൽ മൂന്നാമത്തെ ടി20 സെഞ്ച്വറിയാണിത്. വൈഭവ് ഇതുവരെ നേടിയതിൽ വേഗം കുറഞ്ഞ സെഞ്ച്വറിയാണിത്. 58 പന്തിലാണ് മൂന്നക്കം തികച്ചത്. ആകാശ് രാജ് (26), ആയുഷ് ലോഹാരുക (25) എന്നിവരാണ് ബിഹാർ ടീമിലെ മറ്റ് പ്രധാന സ്കോറർമാർ. ആകെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ബിഹാർ നേടിയത്.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് മഹാരാഷ്ട്ര തുടങ്ങിയത്. 30 പന്തിൽ 60 റൺസടിച്ച താരം ബിഹാറിന്‍റെ ജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. സ്കോർ 88ൽ നിൽക്കെ ഷാ മടങ്ങിയെങ്കിലും നീരജ് ജോഷി (30), രഞ്ജീത് നികം (27), നിഖിൽ നായിക് (22) തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ അഞ്ച് പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ജയം പിടിച്ചു.



© Madhyamam