‘ഇന്ത്യ തന്ന ഓർമകളും ഊർജവും എന്നും കൂടെയുണ്ടാകും…’; ഐ.പി.എൽ വിടുന്നതായി മാക്‌സ്‌വെൽ, ഇനി എങ്ങോട്ട്?



മുംബൈ: ഐ.പി.എൽ വിടുന്ന വിവരം സമൂഹമാധ്യമ കുറിപ്പിലൂടെ സ്ഥിരീകരിച്ച് ആസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ഒരു ക്രിക്കറ്റർ, വ്യക്തി എന്ന നിലയിൽ ഐ.പി.എൽ തന്നെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കിലും ലീഗിനോടും താരം കുറിപ്പിൽ പ്രത്യേകം നന്ദി പറയുന്നുണ്ട്.

ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഓസീസ് താരം സമൂഹമാധ്യമങ്ങളിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള വിദേശ താരങ്ങളിലൊരാളാണ് മാക്‌സ്‌വെൽ. ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കാനുള്ള താരത്തിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ സീസണിൽ 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്സ്‍വെല്ലിനെ ഇത്തവണ ടീം ഒഴിവാക്കുകയായിരുന്നു.

‘മറക്കാനാവാത്ത നിരവധി ഓർമകൾ സമ്മാനിച്ച ഐ‌.പി.‌എൽ സീസണുകൾക്കുശേഷം, ഈ വർഷത്തെ ലേലത്തിൽ എന്റെ പേര് ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു. ഇതൊരു വലിയ തീരുമാനമാണ്, ഈ ലീഗ് എനിക്ക് നൽകിയതിനെല്ലാം വളരെയധികം കടപ്പെട്ടിരിക്കുന്നു’ -മാക്‌സ്‌വെൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ക്രിക്കറ്ററായും വ്യക്തിയായും തന്നെ രൂപപ്പെടുത്തുന്നതിന് സഹായിച്ചത് ഐ.പി.എല്ലാണ്. ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിലും മികച്ച ടീമുകളെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലും സമാനതകളില്ലാത്ത അഭിനിവേശമുള്ള ആരാധകർക്ക് മുന്നിൽ കളിക്കാനായതിലും ഭാഗ്യവാനാണ്. ഇന്ത്യ തന്ന ഊർജവും ഓർമകളും വെല്ലുവിളികളും എന്നും കൂടെയുണ്ടാകും. നിങ്ങളുടെ ഇതുവരെയുള്ള പിന്തുണക്ക് നന്ദി, വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നതായും 37കാരനായ മാക്‌സ്‌വെൽ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്, വിൻഡീസിന്‍റെ ആന്ദ്രെ റസ്സൽ, ഇംഗ്ലീഷ് താരം മുഈൻ അലി എന്നിവരൊന്നും ലേലത്തിനില്ല. ഡുപ്ലെസിസും മുഈൻ അലിയും പാകിസ്താൻ പ്രീമിയർ ലീഗിലേക്ക് ചുവടുമാറ്റിയപ്പോൾ, റസ്സൽ കൊൽക്കത്തയുടെ പരിശീലക റോളിലേക്ക് മാറി. മാക്‌സ്‌വെല്ലും പാക് ലീഗിലേക്ക് പോകുമെന്ന അഭ്യൂഹമുണ്ട്. ഐ.പി.എല്ലിൽ 141 മത്സരങ്ങളിൽനിന്നായി 2,819 റൺസാണ് താരം നേടിയത്. 155നു മേലെയാണ് സ്ട്രൈക്ക് റേറ്റ്. ഐ.പി.എൽ കരിയറിയിൽ പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കുവേണ്ടിയാണ് ഏറെയും കളിച്ചത്. മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ് ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ലേലത്തിനായി 1355 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യു.എസ്.എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്തും മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 മുതൽ തരം ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആരും വാങ്ങിയിരുന്നില്ല. പഞ്ചാബ് കിങ്സ് (പി.ബി.കെ.എസ്) ഇത്തവണ ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും ലേല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ടീമിലെടുത്തത്. രവി ബിഷ്ണോയിയെ ലഖ്നോ സൂപ്പർ ജയന്‍റ്സ് (എൽ.സ്.ജി) 14 കോടി രൂപക്ക് നിലനിർത്തി. ഇത്തവണ ഇരുവരെയും ടീമുകൾ ഒഴിവാക്കുകയായിരുന്നു.

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങൾ;

രവി ബിഷ്ണോയി, വെങ്കടേഷ് അയ്യർ, മുജീബുർ റഹ്മാൻ, നവീനുൽ ഹഖ്, സീൻ അബോട്ട്, ആഷ്ടൺ ആഗർ, കൂപ്പർ കന്നോലി, ജാക് ഫ്രേസർ മഗ്രൂക്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുർ റഹ്മാൻ, ഗസ് അറ്റ്കിൻസൺ, ടോം ബാന്‍റൺ, ടോം കുറാൻ, ലിയാൻ ഡ്വാസൺ, ബെൻ ഡക്കറ്റ്, ഡാൻ ല്വാറൻസ്, ലിയാം ലിവിങ്സ്റ്റൺ, തൈമൽ മിൽസ്, ജമീ സ്മിത്, ഫിൻ അലെൻ, മൈക്കൽ ബ്രേസ്വെൽ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹൻറി, കെയിൽ ജമീസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്കെ, രചിൻ രവീന്ദ്ര, ജെറാൾഡ് കോട്സീ, ഡേവിഡ് മില്ലർ, ലുങ്കി എങ്കിഡി, ആൻറിച് നോർട്ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീർ ഹുസൈൻ, അൽസാരി ജോസഫ്.



© Madhyamam