
മുംബൈ: ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.
ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ പേര് ലേല പട്ടികയിൽ ഇല്ല. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യു.എസ്.എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്തും മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 മുതൽ തരം ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആരും വാങ്ങിയിരുന്നില്ല. പഞ്ചാബ് കിങ്സ് (പി.ബി.കെ.എസ്) ഇത്തവണ ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും ലേല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ടീമിലെടുത്തത്. രവി ബിഷ്ണോയിയെ ലഖ്നോ സൂപ്പർ ജയന്റ്സ് (എൽ.സ്.ജി) 14 കോടി രൂപക്ക് നിലനിർത്തി. ഇത്തവണ ഇരുവരെയും ടീമുകൾ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ തവണ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്, വിൻഡീസിന്റെ ആന്ദ്രെ റസ്സൽ, ഇംഗ്ലീഷ് താരം മുഈൻ അലി എന്നിവർ നേരത്തെ തന്നെ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നു.
