സൂപ്പർ ലീഗ് കേരള; തൃശൂർ-കണ്ണൂർ മത്സരം ഇന്ന്

തൃശൂർ: സൂപ്പർ ലീഗ് കേരളയിലെ പത്താം റൗണ്ട് മത്സരങ്ങൾക്ക് ചൊവ്വാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കം. സ്വന്തം തട്ടകത്തിൽ രാത്രി 7.30ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ തൃശൂർ മാജിക് എഫ്.സി, കണ്ണൂർ വാരിയേഴ്സിനെ നേരിടും. സെമി ബെർത്ത് ലക്ഷ്യമിടുന്ന കണ്ണൂർ വാരിയേഴ്സിന് നിർണായകമാണ് ഈ മത്സരം. ലീഗിൽ തകർപ്പൻ ഫോമിലുള്ള തൃശൂർ മാജിക് കഴിഞ്ഞ മത്സരത്തിൽ ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സെമി ബെർത്ത് ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ്.

നിലവിൽ ഒമ്പതു മത്സരങ്ങളിൽനിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് തൃശൂർ. ജയത്തോടെ 20 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് എഫ്.സിക്ക് ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാകും തൃശൂർ ഇറങ്ങുക. മറുവശത്ത്, 10 പോയന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കണ്ണൂർ വാരിയേഴ്സ്. സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണവുമായാണ് കണ്ണൂർ ഇന്നിറങ്ങുന്നത്. ലീഗിലെതന്നെ ഏറ്റവും മികച്ച പ്രതിരോധനിരയാണ് തൃശൂരിന്റേത്. ക്യാപ്റ്റൻ മെയ്‌ൽസൺ ആൽവസ് നയിക്കുന്ന ഈ വന്മതിൽ ഭേദിക്കുക എന്നതാണ് കണ്ണൂർ വാരിയേഴ്‌സ് നേരിടാൻ പോകുന്ന വെല്ലുവിളി.



© Madhyamam