ഒരു കളിക്കാരൻ ഭരിക്കുന്ന ഇന്ത്യൻ ഫുട്ബാൾ; വിചിത്രം, വിസ്മയം, ചൗബെയുടെ ഫുട്ബാൾ ഭരണം

2027 ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് പിൻവലിച്ചു, ആ അവകാശം സൗദി അറേബ്യക്കു നൽകി കൊണ്ടായിരുന്നു കല്യാൺ ചൗബെയുടെ ഇന്ത്യൻ ഫുട്ബോൾ ഭരണത്തുടക്കം. രാജാവിനെക്കാൾ കൂടുതൽ രാജഭക്തിയുണ്ടായിരുന്ന ഒരു സെക്രട്ടറിയും അദ്ദേഹത്തിനുണ്ടായിരുന്നു. പേര് ഷാജി പ്രഭാകരൻ.

രണ്ടുപേരും കൂടി ആദ്യം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഏഷ്യൻ കപ്പ് ഫുട്ബോൾ പോലെ വൻകിട മത്സരങ്ങൾ നടത്തി ആർഭാടം പ്രകടിപ്പിക്കലല്ല ഞങ്ങളുടെ ലക്ഷ്യം താഴെത്തട്ടിൽ നിന്ന് യുവജന വികസനം വരെയുള്ള എല്ലാ തലങ്ങളിലും നമ്മുടെ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് ഫെഡറേഷന്റെ മൊത്തത്തിലുള്ള തന്ത്രം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു’.

കൊല്ലം മൂന്നു കഴിഞ്ഞു ഈ പ്രഖ്യാനം വന്നിട്ട്. ഇതുവരെ ഇവർ ചെയ്തതും ചെയ്തു കൊണ്ടിരുന്നതുമായ അടിസ്ഥാന സൗകര്യ വികസനവും അടിത്തറ കെട്ടിപ്പടുക്കലും ഒക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ…!

അതിൽ ആദ്യത്തെതായിരുന്നു ഒപ്പമുണ്ടായിരുന്ന സെക്രട്ടറി ഷാജി പ്രഭാകാരനെ ചെവിക്കു പിടിച്ചു പുറത്തു കളഞ്ഞത്. കുറ്റം പറയരുതല്ലോ അതൊരു നല്ല കാര്യമായിരുന്നു.

ഈ പുറത്താക്കലിന് കാരണം എന്തെന്നറിയുമ്പോഴേ അതു മനസിലാകൂ. ദിവസവും തിളങ്ങുന്ന സ്യൂട്ടണിഞ്ഞു ലോകത്തിന്റെ വിവിധ കോണിലുള്ള ഫുട്ബോൾ സംഘാടകരുമായി ഒപ്പം നിന്നുള്ള ചിത്രങ്ങൾ എടുത്തു സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം ഉലകം ചുറ്റിയ അയാൾ പ്രതിമാസ ശമ്പളം മാത്രമായി എഴുതി എടുത്തത് പന്ത്രണ്ടര ലക്ഷം രൂപയായിരുന്നു.

എ.ഐ.എഫ്.എഫ് സമ്മേളനത്തിൽ ആന്ധ്രാ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കൊസരാജു ചോദിച്ചു സെക്രട്ടറിക്കു അനുവദിച്ചിരിക്കുന്ന പ്രതിമാസ വേതനം മൂന്ന് ലക്ഷം രൂപയല്ലേ പിന്നെങ്ങനെ സെക്രട്ടറി പന്ത്രണ്ടര ലക്ഷം കൈപ്പറ്റും..?

അപ്പോഴാണ് പ്രസിഡന്റ് അറിയുന്നത് തന്റെ സ്വന്തം സെക്രട്ടറി ഇത്രയൊക്കെ ശമ്പളം വാങ്ങിയിരുന്നുവെന്ന്. അതോടെ പ്രസിഡന്റ് പ്രസിഡന്റ് ആവുകയും സെക്രട്ടറി പുറത്താവുകയും ചെയ്തു.

അതിനിടയിൽ അയാൾ എന്തൊക്കെയാണ് പ്രഖ്യാപിച്ചിരുന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ്’ എഴുതിയത് കൂടി കാണുക. ‘ഞങ്ങളുടെ പദ്ധതി വളരെ ലളിതമാണ്. പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പദ്ധതിയിടുന്നതിന് മുമ്പ്, മുൻഗണനാടിസ്ഥാനത്തിൽ ഗെയിം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ – എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.

താഴെത്തട്ടിൽ നിന്ന് യുവജന വികസനം വരെയുള്ള എല്ലാ തലങ്ങളിലും നമ്മുടെ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് ഫെഡറേഷന്റെ മൊത്തത്തിലുള്ള തന്ത്രം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു’.

‘അതേസമയം, നമ്മുടെ പങ്കാളികളെ, പ്രത്യേകിച്ച് സംസ്ഥാന അസോസിയേഷനുകളെ ശക്തിപ്പെടുത്തുകയും ആഭ്യന്തര തലത്തിൽ ഫുട്ബോളിന്റെ എല്ലാ മേഖലകളിലും മാറ്റം വരുത്തുന്നതിന് ക്ലബ്ബുകളുമായി അടുത്ത് പ്രവർത്തിക്കുകയും വേണം. ഈ മാസം അവസാനം റോഡ്മാപ്പ് പ്രഖ്യാപിക്കുമ്പോൾ അത്തരം എല്ലാ വശങ്ങളും നടപ്പിലാക്കും’-ഷാജി പ്രഭാകർ പറയുന്നു.

ഇതിനിടയിൽ ഈ സംഘം ചെയ്ത കൊടും ക്രൂരത ഇന്ത്യൻ ഫുട്ബോൾ ആരാധകർ അറിയാതെ പോയി.

പ്രഫുൽ പട്ടേൽ പ്രസിഡന്റ് ആയിരുന്ന കാലത്തു അന്നത്തെ കായിക മന്ത്രിയായിരുന്ന കിരൺ റിജ്ജു പ്രാധാന മന്ത്രിയുടെ അനുമതിയോടെ ഏഷ്യ മുഴുവൻ നടന്നു ലോബിയിങ് നടത്തിയപ്പോൾ അതിഥേയരായി രംഗത്തുണ്ടായിരുന്ന

ഇറാനും ഉസ്ബെക്കിസ്ഥാനും പിന്മാറി ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചു. അതുകൊണ്ടാണ് മത്സരവേദി ഇന്ത്യക്കു കിട്ടിയത്. ആ അന്താരാഷ്ട്ര സഹൃദത്തിനുകൂടി കളങ്കം ഏൽപ്പിച്ചു കൊണ്ടായിരുന്നു ഏകപക്ഷീയമായ ഏഷ്യൻ കപ്പ് കൈഒഴിഞ്ഞുകൊണ്ടുള്ള തീരുമാനം.

അതു സൗദി അറേബ്യക്ക് അനുവദിക്കുകയും അതിനുള്ള പ്രത്യുപകരമായി സൗദി അവർക്കു അനുവദിച്ചു കിട്ടിയ ലോക കപ്പിലെ ചില മത്സരങ്ങൾ ഇന്ത്യക്കു നല്കുമെന്നുള്ള അയാളുടെ മണ്ടൻ പ്രഖ്യാപനം വന്നത്..!

അങ്ങനെ അതി ശക്തമായി ഭരണം മുന്നേറി ക്കൊണ്ടിരുന്നപ്പോഴാണ് ഇന്ത്യൻഫുട്ബോൾ ആരാധകർക്കു കുറഞ്ഞൊരു കാലം കൊണ്ട് ആവേശമായി തീർന്ന ഐ.എസ്.എല്ലിനു മരണ മണി മുഴങ്ങിയത്. ലോകത്തു എല്ലാ രാജ്യങ്ങളിലും വലുപ്പചെറുപ്പമില്ലാതെ സുഗമമായും സുരക്ഷിതമായും നടന്നു കൊണ്ടിരിക്കുന്ന ദേശീയ ലീഗ് മത്സരങ്ങൾ പോലും മാന്യമായി നടത്താനാകാത്ത അവസ്ഥ ഇവരൊക്കെക്കൂടി ഉണ്ടാക്കിയിരിക്കുന്നത്.

എന്താണ് ഈ അനിശ്ചിതത്വത്തിനു കാരണം.

ഐ‌.എസ്‌.എൽ സസ്‌പെൻഷന്റെ പ്രധാന കാരണങ്ങൾ

എ‌.ഐ‌.എഫ്‌.എഫും എഫ്‌.എസ്‌.ഡി‌എല്ലുമായുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എം‌ആർ‌എ) കാലഹരണപ്പെടാൻ പോകുന്നതിനാൽ പുതിയ കരാർ സമയത്തു പുതുക്കുവാനുള്ള നടപടി ഐ‌.എസ്‌.എൽ നിർത്തിവച്ചു. പുതിയ കരാർ ഇല്ലാതെ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (എഫ്‌എസ്‌ഡി‌എൽ) സീസൺ ആസൂത്രണം ചെയ്യാൻ കഴിയില്ല.

വാണിജ്യ ബിഡുകളുടെ അഭാവം: പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള എ‌ഐ‌എഫ്‌എഫിന്റെ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർ‌എഫ്‌പി) നവംബർ ഏഴ് അവസാന തീയതിക്കുള്ളിൽ ബിഡുകളൊന്നും ലഭിച്ചില്ല. ഉയർന്ന അഭ്യർത്ഥിച്ച വില (37.5 കോടി അല്ലെങ്കിൽ മൊത്ത വരുമാനത്തിന്റെ 5%) ഉണ്ടായിരുന്നിട്ടും സ്പോൺസറെ കിട്ടിയില്ല.

ഇതിനിടയിലാണ് ഇവരുടെ കഴിവ് കെട്ടഭരണത്തിനു എതിരെയുള്ള സുപ്രീം കോടതി ഇടപെടൽ. എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലുമായി നടന്ന ഒരു തർക്കത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്, ഇത് ലീഗിനായി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് ഫെഡറേഷനെ തടഞ്ഞു. നിയമപരമായ അനിശ്ചിതത്വത്തിന്റെ മറ്റൊരു പാളി കൂടി ചേർത്തുകൊണ്ട് കോടതി എ.ഐ.എഫ്.എഫിന്റെ ഭരണഘടന പുനഃപരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ക്ലബ്ബുകളിലും കളിക്കാരിലും ഉണ്ടായ പ്രത്യാഘാതങ്ങൾ: മത്സരം തുടരാനാകുമോ എന്നത് കളിക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്, ജീവനക്കാരെ പിരിച്ചുവിടൽ, കളിക്കാർക്ക് ശമ്പളം മുടങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ ക്ലബ്ബുകൾ നേരിടുന്നു. അനിശ്ചിതത്വം കാരണം മോഹൻ ബഗാൻ പോലുള്ള ചില ക്ലബ്ബുകൾ അവയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുന്നു. ഇതൊക്കെയാണ് ഒരു കളിക്കാരൻ ഭരണം ഏറ്റെടുത്തപ്പോഴുള്ള നമ്മുടെ പന്തുകളിയുടെ ഇന്നത്തെ അവസ്ഥ.



© Madhyamam