
ബംഗളൂരു: തകർപ്പനടികളോടെ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും പിൻഗാമിയായി ഒരു മലയാളി താരം ഇന്ത്യൻ കുപ്പായത്തിൽ കസറുന്നു. ബംഗളൂരുവിൽ ഞായറാഴ്ച സമാപിച്ച അണ്ടർ 19 ത്രിരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ ‘എ’ ടീമിനുവേണ്ടിയാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ കൗമാരക്കാരൻ മുഹമ്മദ് ഇനാൻ സെഞ്ച്വറി ഇന്നിങ്സും, വിക്കറ്റ് നേട്ടവുമായി ദേശീയ ക്രിക്കറ്റിൽ മലയാളത്തിന് പുതുമേൽവിലാസം സൃഷ്ടിക്കുന്നത്.
ഇന്ത്യ ‘എ’, ഇന്ത്യ ‘ബി’, അഫ്ഗാനിസ്താൻ അണ്ടർ 19 ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഓൾറൗണ്ടർ താരം, ഒരു മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ടീമിന്റെ വിജയ ശിൽപിയായി.
ഇന്ത്യ ‘ബി’ ടീമിനെതിരായ മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയാണ് ഇനാൻ 74 പന്തിൽ 105 റൺസുമായി ടീമിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ‘എ’ഏഴിന് 134 റൺസ് എന്ന നിലയിൽ തകർന്നപ്പോഴാണ് മുഹമ്മദ് ഇനാൻ ക്രീസിലെത്തിയത്. അൽമോൽജിത് സിങ്ങിനൊപ്പം ക്രീസിൽ നിലയുറപ്പിച്ച ഇനാൻ 74 പന്തിൽ ആറ് സിക്സും, 12 ബൗണ്ടറിയുമായി 105 റൺസെടുത്ത് പുറത്താകാതെ നിന്ന് ടീമിനെ 269ലെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ‘ഇന്ത്യ ബി’ ടീം 243ന് പുറത്തായി. മത്സരത്തിൽ മൂന്ന് ഓവറും ഇനാൻ എറിഞ്ഞിരുന്നു. ഇനാന് കളിയിലെ കേമനുമായി.
നാല് കളികൾ പൂർത്തിയാക്കിയ പരമ്പരയിൽ അഫ്ഗാനും ഇന്ത്യ ‘എ’യും തമ്മിൽ ഞായറാഴ്ചത്തെ ഫൈനൽ മഴമൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ചാമ്പ്യൻഷിപ്പ് പങ്കിട്ടു.
ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിച്ചിരുന്ന ഇനാനെ അവിടെ പരിശീലകനായിരുന്ന മുന്‍ പാകിസ്താന് താരം സഖ്ലൈന് മുഷ്താഖാണ് സ്പിൻ ബൗളിങ്ങിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. പേസ് ബൗളറായി തുടങ്ങി ഇനാനെ ലെഗ് സ്പിന്നിലേക്ക് വഴിതിരിക്കുന്നത് പാക് ഇതിഹാസമായ സഖ്ലൈനാണ്. ആക്ഷൻ മാറ്റാൻ ശ്രമിക്കാതെ, ഇപ്പോൾ ചെയ്യുന്നത് തുടരാനായിരുന്നു ഇനാന്റെ പിതാവിനോട് സഖ്ലൈന്റെ ഉപദേശം.
കളിയിൽ മികവ് തെളിയിച്ച് തുടങ്ങിയതോടെ കൂടുതല്‍ അവസരം തേടി, ഇനാന് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യ അണ്ടർ 19 ടീമിൽ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ വിക്കറ്റുകൾ കൊയ്തും ഇനാൻ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാന് കേരള വര്‍മ്മ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്.
