ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്



റാഞ്ചി: ഇന്ത്യ- ദക്ഷിണാ​ഫ്രിക്ക ആദ്യ ഏകദിനമൽസരത്തിൽ ടോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിങ്. ​ദക്ഷിണാ​ഫ്രിക്കൻ ക്യാപ്റ്റ് എയ്ഡൻ മാ​ർക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ടെസ്റ്റിലേറ്റ കനത്ത പരാജയത്തിന് ഏകദിനത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് ടീം ഇന്ത്യ ഇന്ന്. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുമില്ലാത്ത ടീമിനെ കെ.എൽ. രാഹുലാണ് നയിക്കുന്നത്. വിക്കറ്റ് കീപ്പറും ക്യാപ്റ്റൻ തന്നെയാണ്. ഇതോടെ ഋഷഭ് പന്തിന് അവസരം ലഭിച്ചതുമില്ല. രോഹിതിനൊപ്പം ഓപണറായി യശസ്വി ജയ്സ്വാ​ളെത്തും.

മുതിർന്ന ബാറ്റർമാരായ വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും രോകോ സഖ്യത്തിന്റെ പ്രകടനവും ഇന്ന് നിർണായകമാവും. നാളുകളായ അവസരം ലഭിക്കാതിരുന്ന ഋതുരാജ് ഗെയ്ക്‍വാദ് നാലാം സ്ഥാനത്തെത്തി. സ്പിന്നിന് അനുകൂലമായ റാഞ്ചിയിലെ പിച്ചില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് മുന്‍തൂക്കം.സ്പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും ഇടംപിടിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതിനാല്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിശ്രമത്തിലായ തെംബ ബാവുമക്ക് പകരം

എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നാലു പേസർമാരും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പ്രെനലൻ സുബ്രയേനാണ് ഏക സ്പിന്നർ. ടെസ്റ്റിലെ വിജയക്കുതിപ്പ് ഏകദിനത്തിലും ആവർത്തിക്കാമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടൽ.

രോഹിത് കോഹ്‍ലി കൂട്ടുകെട്ട് ചരിത്രമാവുമോ​?

കേവലം ഒരു സെഞ്ച്വറി ദൂരത്തിലാണ് കോഹ്‍ലി ചരിത്രമാവാനൊരുങ്ങുന്നത്.പരമ്പരയിൽ ഒരു സെഞ്ചറി കൂടി നേടിയാൽ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്‍ലിക്ക് സ്വന്തമാകും. നിലവിൽ 51 ഏകദിന സെഞ്ചറികളാണ് കോഹ്‍ലിയുടെ പേരിലുള്ളത്. 51 ടെസ്റ്റ് സെഞ്ചറികളുള്ള സചിൻ ടെണ്ടുൽക്കറിന്റെ റെക്കോഡ് മറികടക്കാൻ കോഹ്‍ലിക്ക് ഒരു ഏകദിന സെഞ്ചറി കൂടി മതി.

രോഹിത്തും മൂന്നു സിക്സറുകൾ നേടിയാൽ ചരി​ത്രപുരുഷനാവും.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമാവും.276 മത്സരങ്ങളിൽ നിന്നായി 349 സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 398 മത്സരങ്ങളിൽ നിന്ന് 351 സിക്സർ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഒന്നാമത്.



© Madhyamam