
ലോകകപ്പ് നേടിയ ആദ്യ മലയാളിയായ എസ്. ശ്രീശാന്തും ലോകകപ്പില്‍ ടീമിനെ നയിച്ച ഏക മലയാളി സി.പി. റിസ്വാനും അബൂദബി ടി-10 ക്രിക്കറ്റില്‍ വിസ്താ റൈഡേഴ്സിന്റെ ജേഴ്സിയില്‍.
ഹാബ് അബ്ദുൽ കരീം
ലോകത്തിന്റെ ഏത് മൂലയിലും ഒരു മലയാളിയുണ്ടാവുമെന്ന ചൊല്ലിന്റെ ക്രിക്കറ്റ് പതിപ്പുകളാണ് എസ്. ശ്രീശാന്തും സി.പി. റിസ്വാനും. ഒന്നര പതിറ്റാണ്ട് മുന്‍പ് ഇന്ത്യ ലോകം ജയിച്ചപ്പോള്‍ അവിടെ ശ്രീശാന്തുണ്ടായിരുന്നെങ്കില് മൂന്ന് വര്‍ഷം മുന്‍പ് യു.എ.ഇ ലോകകപ്പിനിറങ്ങിയപ്പോള് അമരത്ത് നായകനായി റിസ്വാനുമുണ്ടായിരുന്നു. ഇപ്പോള്‍, അബൂദബി ടി-10ല്‍ വിസ്താ റൈഡേഴ്സിന്റെ ജഴ്സിയില്‍ ഒരുമിച്ചിറങ്ങിയിരിക്കുകയാണ് രണ്ട് മലയാളി താരങ്ങളും. ഒരുപിടി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അബൂദബി ടി-10 മലയാളി ‘ലോകകപ്പര്’മാരുടെ സംഗമവേദി കൂടിയായി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇരുവരും ഇപ്പോഴും ക്രിക്കറ്റില്‍ ഉഗ്രന്‍ ഫോമില്‍ സജീവമാണ്.
രണ്ട് ലോകകപ്പുകള്‍
ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത ദിനമാണ് 2007 സെപ്റ്റംബര്‍ 24. രണ്ടര പതിറ്റാണ്ട് മുന്‍പ് കപിലിന്റെ ചെകുത്താന്മാര് ലോകകപ്പുയര്‍ത്തിയ ശേഷം ഇന്ത്യക്ക് അന്യം നിന്ന് പോയ ലോകകിരീടം വീണ്ടും ഇന്ത്യയിലേക്കെത്തിയ ദിവസം. ട്വന്റി-20 ഫോര്‍മാറ്റിലെ കന്നി ലോകകിരീടത്തിനായുള്ള കലാശപ്പോരില്‍ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മത്സരം അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ശേഷിക്കേ കിരീടത്തിലേക്ക് സ്കൂപ്പ് ചെയ്ത മിസ്ബാഹുള്‍ ഹഖിന് പിഴച്ചു. ലോകത്തിന്റെ ഏത് മൂലയിലും ഒരു മലയാളിയുണ്ടാകുമെന്ന തത്വം മിസ്ബാഹുള്‍ ഹഖിനറിയില്ലല്ലോ. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ കാത്തുനിന്ന ശ്രീയുടെ കൈകളിലേക്ക് മിസ്ബായുടെ ഷോട്ട് പറന്നിറങ്ങുമ്പോള്‍ 140 കോടി ജനങ്ങളുടെ കാത്തിരിപ്പിനുള്ള വിരാമമായിരുന്നു അത്. പിഴക്കാത്ത കൈയും മടുക്കാത്ത ബൗളിങ്ങുമായി ശ്രീശാന്ത് പിന്നെയും ക്രിക്കറ്റില്‍ സജീവമായിരുന്നു. ദേശീയ ടീമിലും ഐ.പി.എല്ലിലുമെല്ലാം ശ്രീ തന്നെത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. ആരൊക്കെയോ കൊളുത്തിവിട്ട വിവാദങ്ങളില്‍ ഉലയുന്നത് വരെ ശ്രീശാന്ത് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു. ആരോപണങ്ങളില്‍ നിന്നെല്ലാം അഗ്നിശുദ്ധിവരുത്തി തിരികെയെത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ വാതില്‍ ശ്രീശാന്തിന്റെ മുന്നില്‍ അടഞ്ഞുതന്നെ കിടന്നു. ബി.സി.സി.ഐ കണ്ണുതുറന്നില്ല. ഇവിടെയൊന്നും വീഴാന്‍ തയാറാകാതെ ക്രിക്കറ്റില്‍ തന്നെ സജീവമായ ശ്രീയുടെ കോണ്‍ഫിഡന്‍സാണ് അബൂദബി ട-10ലും അരങ്ങേറിയത്. ആസ്പിന്‍ സ്റ്റാലിയനെതിരായ മത്സരത്തില്‍ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ഒറ്റ ഓവര്‍ മതി ശ്രീയുടെ പ്രതിഭക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് മനസിലാക്കാന്‍.
ഇന്ത്യന്‍ ടീമിലല്ലെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയ താരമാണ് യു.എ.ഇ മുന്‍ നായകന് സി.പി. റിസ്വാന്. 2022ല്‍ ആസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച യു.എ.ഇയുടെ നായകസ്ഥാനത്ത് റിസ്വാനുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നെതര്‍ലാന്‍ഡിനോട് പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യു.എ.ഇയും മാര്‍ച്ച് ചെയ്യുമായിരുന്നു. പ്രാഥമിക റൗണ്ടില്‍ നമീബിയയെ തോല്പിച്ചപ്പോള് മുന്നില്‍ നിന്ന് പടപൊരുതിയത് നായകന് റിസ്വാനും മറ്റൊരു മലയാളി താരം ബാസില്‍ ഹമീദുമായിരുന്നു. റിസ്വാന് പുറത്താകാതെ 29 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ബാസില്‍ 14 പന്തില്‍ 25 റണ്‍സ് നേടി.
ലോകകപ്പില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ മലയാളി എന്ന പകിട്ടിന് പുറമെ മലയാളിത്വമുള്ള മറ്റൊരു റെക്കോഡുമുണ്ട് റിസ്വാന്റെ പേരില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി കൂടിയാണ് റിസ്വാന്. അഞ്ച് വര്‍ഷം മുന്‍പ് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ അയര്‍ലെന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് യു.എ.ഇക്കായി റിസ്വാന് സെഞ്ച്വറി കണ്ടെത്തിയത്. 136 പന്തില്‍ 109 റണ്‍സായിരുന്നു ഈ തലശേരിക്കാരന്റെ സാമ്പാദ്യം. അബൂദബി ടി-10 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന വിസ്താ റൈഡേഴ്സിന്റെ വിശ്വസ്തരായി ശ്രീയും റിസ്വാനുമുണ്ട്. ഞായറാഴ്ചയാണ് ഫൈനല്‍.
