വാഷിങ്ടൺ: ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമി എം.എൽ.സി കപ്പ് ഫൈനലിൽ. ഇതാദ്യമായാണ് മയാമി എം.എൽ.സി കപ്പിന്റെ ഫൈനലിലെത്തുന്നത്. ന്യൂയോർക്ക് സിറ്റി എഫ്.സിയെ 5-1ന് തകർത്താണ് മയാമിയുടെ ഫൈനൽ പ്രവേശനം. ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻമാരായ മയാമി വെസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻമാരെ ഫൈനലിൽ നേരിടും.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്റർമയാമി മുന്നിലെത്തി. 13ാം മിനിറ്റിൽ ടാഡിയോ അലെൻഡെയാണ് ഗോൾ നേടി. 23ാം മിനിറ്റിൽ അലെൻഡെയുടെ രണ്ടാം ഗോളും പിറന്നു. ആൽബയുടെ അസിസ്റ്റിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. എന്നാൽ 37ാം മിനിറ്റിൽ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ജസ്റ്റിൻ ഹാകിലൂടെയായിരുന്നു ഗോൾ. എന്നാൽ, ന്യൂയോർക്ക് സിറ്റിയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല.
67ാം മിനിറ്റിൽ ഇന്റർ മയാമി മൂന്നാം ഗോൾ നേടി. മാറ്റിയോ സിൽവെറ്റി ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത്. 83ാം മിനിറ്റിൽ ആൽബയുടെ അസിസ്റ്റിൽ നിന്നും ടെലാസ്കോ സെഗോവിയ അടുത്ത ഗോൾ നേടി. 89ാം മിനിറ്റിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അലെൻഡെ തന്റെ ഹാട്രിക് ഗോളും നേടി. മത്സരത്തിൽ ഗോളൊന്നും നേടിയില്ലെങ്കിലും ഒരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചാണ് മെസി മടങ്ങിയത്.
മത്സരത്തിലെ അസിസ്റ്റിലൂടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയുടെ 450ാമത്തെ അസിസ്റ്റായിരുന്നു മത്സരത്തിൽ പിറന്നത്. സാൻ ഡിയേഗോ എഫ്.സിയുമ വാൻകോവർ വൈറ്റ് കാപ്സുമായി നടക്കുന്ന മത്സരത്തിലെ വിജയകളെയാവും ഇന്റർമയാമി ഫൈനലിൽ നേരിടുക.
