
റാഞ്ചി: ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ നാണംകെട്ട തോൽവിയിൽ തലതാഴ്ത്തിയിരിക്കെ ഝാർഖണ്ഡിൽ താരസംഗമം. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കളിക്കാനെത്തിയ മുൻ നായകൻ വിരാട് കോഹ്‍ലിയും, മറ്റൊരു മുൻ ക്യാപ്റ്റൻ എം.എസ് ധോണിയും ഒന്നിച്ച് റാഞ്ചിയിലെ തിരക്കേറിയ റോഡിലൂടെ ആഡംബര വാഹനത്തിൽ യാത്രചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
റാഞ്ചിയിലെ വസതിയിൽ സുഹൃത്തും മുൻ നായകനുമായ എം.എസ് ധോണിയെ സന്ദർശിക്കാനെത്തിയതായിരുന്നു വിരാട് കോഹ്‍ലി. പൊലീസ് അകമ്പടിയിൽ ധോണിയുടെ വീട്ടിലേക്ക് എത്തുന്ന വിരാട് കോഹ്‍ലിയാണ് ഒരു വീഡിയോയിൽ. മറ്റൊരു വീഡിയോയിൽ, ധോണി ഡ്രൈവ് ചെയ്യുന്ന വാഹനത്തിൽ, വിരാട് കോഹ്‍ലിയെ ഹോട്ടലിൽ എത്തിക്കുന്നതും കാണാം.
‘റീയൂണിയൻ ഓഫ് ദി ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് താരസംഗമത്തിന്റെ വിഡിയോ ദൃശ്യം സ്റ്റാർ സ്പോർട്സ് പങ്കുവെച്ചത്.
നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരക്കായാണ് വിരാട് കോഹ്‍ലി ഇന്ത്യയിലെത്തിയത്. ലണ്ടനിൽ താമസിക്കുന്ന കോഹ്‍ലി, ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. റാഞ്ചിയിലെ മത്സരത്തിനു പിന്നാലെ, ഡിസംബർ മൂന്നിന് റായ്പൂരിലും, ഡിസംബർ ആറിന് വിശാഖപട്ടണത്തുമാണ് ഏകദിന മത്സരങ്ങൾ. ശുഭ്മാൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ കെ.എൽ രാഹുലാണ് ടീം ക്യാപ്റ്റൻ. മുൻ നായകരായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും സ്വന്തം മണ്ണിൽ വീണ്ടും ഒന്നിച്ചിറിങ്ങുന്നുവെന്ന പ്രത്യേകതയും പരമ്പരക്കുണ്ട്. കഴിഞ്ഞ മാസം സിഡ്നിയിലായിരുന്നു ഇരുവരും അവസാനമായി കളിച്ചത്.
