സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?



വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവേദിയിൽ വെച്ചുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് പലാഷ് ആശുപത്രിയിലായത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അതല്ല, വിവാഹച്ചടങ്ങുകൾക്ക് അനുബന്ധമായി വന്ന സംഭവങ്ങളുണ്ടാക്കിയ മാനസിക സമ്മർദമാണ് പലാഷ് ആശുപത്രിയിലാകാൻ കാരണമെന്നാണ് പുതിയ റിപ്പോർട്ട്. അതല്ലാതെ ഹൃദയസംബന്ധമായ ഒരു പ്രശ്നവും പലാഷിനും ഇല്ലെന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, അസ്വസ്ഥത എന്നിവയുണ്ടെന്ന് പലാഷ് പറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എസ്.ആർ.വി ആശുപത്രിയിൽ ഇ.സി.ജിയും 2ഡി എക്കോ കാർഡിയോഗ്രാഫിയും എടുത്തു. ചില വേരിയേഷനുകൾ കാണിച്ചുവെങ്കിലും കാര്യമായ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുൻകരുതൽ എന്നനിലയിൽ ഓക്സിജൻ തെറാപ്പി നൽകി. വൈകാതെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതിൽ പലാഷ് വളരെയധികം വിഷമിച്ചിരുന്നുവെന്നും അദ്ദേഹവുമായി വളരെ അടുപ്പമുള്ള ആളായിരുന്നതിനാൽ വൈകാരികമായി തളർന്നുപോയിരുന്നുവെന്നും കുടുംബ വൃത്തങ്ങൾ പറയുന്നു.

അതിനിടെ, വിവാഹം മാറ്റിവെച്ചതിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും കിംവദന്തികളുടെ അടിസ്ഥാനത്തിൽ പലാഷിനെ വിലയിരുത്തരുതെന്നും ബന്ധു ആളുകളോട് അഭ്യർഥിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ്-സിനിമാ ലോകം ഏറെ ആഘോഷ പൂർവം കൊണ്ടാടാൻ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം അനുഭവ​പ്പെട്ടതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വിവാഹചടങ്ങുകൾ മാറ്റിവെച്ചതെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോർട്ട്. വിവാഹ ദിനമായ നവംബർ 23ന് രാവിലെ മുംബൈയിലെ വിവാഹ വേദിയിൽ വെച്ച് ഹൃദയാഘാതുമുണ്ടായതിനെ തുടർന്ന് പിതാവ് ശ്രീനിവാസ് മന്ദാനയെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവെക്കുന്ന വാർത്തയും പുറത്തുവന്നു.

അതിനു ശേഷമാണ് പലാഷ് ആശുപത്രിയിലായത്. കൊറിയോഗ്രഫർ കൂടിയായ മറ്റൊാരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും വൈറലായി. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പലാഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.

ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. സ്മൃതിയുമായുള്ള ബന്ധത്തെ പലാഷ് തള്ളിപ്പറയുന്നതും, ക്രിക്കറ്റ് താരവുമായി അടുത്ത ബന്ധമില്ലെന്നും മൂന്ന്-അഞ്ച് മാസത്തിൽ ഒരിക്കൽമാത്രമാണ് കാണുന്നതെന്നും സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ചോദ്യത്തിന് പലാഷ് മറുപടി നൽകുന്നു. അതേസമയം, ഈ ചാറ്റുകളുടെ ആധികാരികത വ്യക്തമല്ല.

ചാറ്റ് സ്ക്രീൻ ഷോട്ടുകൾ എക്സിലെയും ഇൻസ്റ്റ് ഗ്രാമിലെയും വിവിധ പ്ലാറ്റ്ഫോമുകളിലും വൈറലായി. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വിവാഹ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. എന്നാല്‍, പലാഷ് മുച്ചാലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം വിവാഹത്തിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2019 മുതൽ സ്മൃതിയും പലാശും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2024ലാണ് ബന്ധം പരസ്യപ്പെടുത്തുന്നത്. കഴിഞ്ഞ മാസം വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതോടെ സ്മൃതിയുടെ താരപദവി ഉയരുകയും ചെയ്തു.



© Madhyamam