തീക്കാറ്റായി എസ്റ്റാവോ, യമാലിന്‍റെ ബാഴ്സ ചാരം; ചെൽസിക്ക് വമ്പൻ ജയം; സിറ്റിയെ തകർത്ത് ലെവർകുസൻ

ലണ്ടൻ: ബ്രസീൽ യുവതാരം എസ്റ്റാവോ നിറഞ്ഞാടിയ രാവിൽ ബാഴ്സലോണ ചാരമായി! യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സയെ തകർത്തത്. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ജർമൻ ക്ലബ് ബയർ ലെവർകുസനും വീഴ്ത്തി.

സ്റ്റാഫോർഡ് ബ്രിഡ്ജിലെ സ്വന്തം ആരാധകർക്കു മുന്നിൽ അര ഡസനിലധികം ഗോളുകൾക്ക് ചെൽസി ജയിക്കേണ്ടിയിരുന്നു മത്സരമാണ് ഓഫ് സൈഡ് ട്രാപ്പിന്‍റെ നിർഭാഗ്യത്തിൽ മൂന്നിലൊതുങ്ങിയത്. ടീനേജർ ലമീൻ യമാൽ ഉൾപ്പെടെയുള്ള ഹാൻസി ഫ്ലിക്കിന്‍റെ യുവനിരയെ ചെൽസി ശരിക്കും പൂട്ടി. എസ്റ്റാവോ, ലിയാം ഡിലാപ് എന്നിവരാണ് നീലപ്പടക്കുവേണ്ടി വലകുലുക്കിയത്. ഒരു ഗോൾ ബാഴ്സ താരം യൂൾസ് കൂണ്ടേയുടെ വകയായിരുന്നു. 44ാം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡും വാങ്ങി നായകൻ റൊണാൾഡ് അരൗജോ പുറത്തുപോയത് ബാഴ്സക്ക് തിരിച്ചടിയായി.

ലോകത്തിലെ മികച്ച രണ്ടു ടീനേജ് അറ്റാക്കർമാരുടെ പോരാട്ടമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ എസ്റ്റാവോ കളംനിറഞ്ഞപ്പോൾ, സ്പാനിഷ് താരം യമാൽ കാഴ്ചക്കാരനായി. പരിക്കേറ്റ കോൾ പാൾമാർ ഇല്ലാതെയാണ് ചെൽസി കളിക്കാനിറങ്ങിയത്. എന്നാൽ, അതിന്‍റെ അഭാവമൊന്നും കളത്തിൽ കണ്ടില്ല. തുടക്കംമുതൽ തന്നെ ചെൽസി ബാഴ്സ ബോക്സിൽ അപകട സൈറൺ മുഴക്കി. 27ാം മിനിറ്റിലാണ് ചെൽസി ലീഡെടുക്കുന്നത്. ഒരു ഷോർട്ട് കോർണറാണ് ഗോളിലെത്തുന്നത്. എസ്റ്റാവോ, അലജാന്ദ്രോ ഗർണാച്ചോ, മാർക് കുക്കുറെല്ലാ എന്നിവർ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ലഭിച്ച പന്ത് നെറ്റോ ഫ്ലിക്ക് ചെയ്തെങ്കിലും കൂണ്ടേയുടെ കാലിൽ തട്ടി വലയിലേക്ക്.

നേരത്തെ, എൻസോ ഫെർണാഡസ് രണ്ടു തവണ സെറ്റ്പീസിൽനിന്ന് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വില്ലനായി. 1-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്. 55ാം മിനിറ്റിൽ എസ്റ്റാവോ ലീഡ് ഇരട്ടിയാക്കി. 18കാരൻ നടത്തിയ ഒറ്റയാൾ നീക്കമാണ് ഗോളിലെത്തിയത്. 73ാം മിനിറ്റിൽ ഗർണാച്ചോക്ക് പകരക്കാരനായി കളത്തിലെത്തിയ ഡിലാപ് ഗോൾ പട്ടിക പൂർത്തിയാക്കി. എൻസോയാണ് ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ ചെൽസി പോയന്‍റ് പട്ടികയിൽ അഞ്ചാമതെത്തി. അഞ്ചു മത്സരങ്ങളിൽനിന്ന് 10 പോയന്‍റ്. ഏഴു പോയന്‍റ് മാത്രമുള്ള ബാഴ്സ 15ാം സ്ഥാനത്താണ്.

ബയർ ലെവർകുസനോട് മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി തോറ്റത്. അലജാന്ദ്രോ ഗ്രിമാൾഡോ, പാട്രിക് ഷിക്ക് എന്നിവരാണ് വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗ് സീസണിൽ സിറ്റിയുടെ ആദ്യ തോൽവിയാണിത്, അതും സ്വന്തം കാണികൾക്കു മുന്നിൽ. 10 പോയന്‍റുമായി ആറാം സ്ഥാനത്താണ് സിറ്റി.

മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്‍റസ് 3-2ന് ബോഡോ ഗ്ലിംറ്റിനെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-0ത്തിന് വിയ്യാറയലിനെയും മാഴ്സിലെ 2-1ന് നൂകാസിൽ യുനൈറ്റഡിനെയു നാപ്പോളി 2-0ത്തിന് ഖറബാഗ് എഫ്.കെയെയും പരാജയപ്പെടുത്തി. അത്ലറ്റികോ ബിൽബാവോ-സ്ലാവിയാ പ്രാഗ് മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.



© Madhyamam