
ഗുവാഹതി: ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ ക്ലാസ് ഇന്നിങ്സിന് സാക്ഷിയായ ഗുവാഹതിയിലെ പിച്ചിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. ഒന്നാം ഇന്നിങ്സിൽ 489 റൺസ് എന്ന കൂറ്റൻ സ്കോർ കുറിച്ച ദക്ഷിണാഫ്രികക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിവസം 40 ഓവർ പിന്നിടുമ്പോഴേക്കും ഏഴു വിക്കറ്റ് നഷ്ടമായി. സന്ദർശകരുടെ ലീഡ് 350ന് മുകളിൽ തുടരുന്നതിനിടെ ഇന്ത്യ ഫോളോ ഓൺ ഭീതിയിലാണ്. ഫോളോഓൺ നാണക്കേട് ഒഴിവാക്കാൻ 289 റൺസ് എങ്കിലും സ്കോർ ചെയ്യണം. നിവലിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ തിങ്കളാഴ്ച കളി ആരംഭിച്ചിതിനു പിന്നാലെ ബാറ്റമാർ ഓരോന്നോയി കൂടാരം കയറി. ഓപണർ യശസ്വി ജയ്സ്വാളും (58), കെ.എൽ രാഹുലും (22) പിടിച്ചു നിന്ന ആദ്യവിക്കറ്റിൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന പോരാട്ടം കാഴ്ചവെക്കാനായുള്ളൂ. 65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായതെങ്കിൽ, അടുത്ത 60 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജദേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ നാണംകെട്ട് പുറത്തായി. വാഷിങ് ടൺ സുന്ദർ(17), കുൽദീപ് യാദവ് (1) എന്നിവരാണ് ക്രീസിലുള്ളത്.
ദക്ഷിണാഫ്രിക്കയുടെ മാർകോ യാൻസൺ നാല് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. രണ്ടാം ദിനത്തിൽ 91 റൺസുമായി ബാറ്റിങ്ങിലും യാൻസൺ താരമായിരുന്നു. സിമോൺ ഹാമർ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനത്തിൽ മുത്തുസാമിയുടെ (109) സെഞ്ച്വറിയുടെയും, മാർകോ യാൻസണിന്റെ (91) അർധസെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 489റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
