റിയാദ്: പ്രായം വെറുമൊരു നമ്പറെന്ന് ആരാധകരെ ഒരിക്കൽ കൂടി ഓർമിപ്പിച്ച് വീണ്ടും ക്രിസ്റ്റ്യാനോ ടച്ച്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെ, സൗദി പ്രോ ലീഗിൽ അൽ നസ്റിനായി പന്തുതട്ടാനെത്തിയ പോർചുഗൽ സൂപ്പർ താരം ഞായറാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ അൽ ഖലീജിനെതിരെ നേടിയ അവിശ്വസനീയ ഗോളാണ് തരംഗമാവുന്നത്.
അൽ നസ്റർ 4-0ത്തിന് ജയിച്ച മത്സരത്തിൽ കളി ലോങ് വിസിലിനോട് അടുക്കവെയാണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ക്രിസ്റ്റ്യനോയുടെ ബൂട്ടിൽ നിന്നും മാജിക് ഗോൾ പിറന്നത്. വിങ്ങിൽ നിന്നും നവാഫ് ബൗഷൽ നൽകിയ ലോങ് വോളി ക്രോസിൽ പന്ത് നിലംതൊടും മുമ്പേ ആകാശത്തേക്കുയർന്നായിരുന്നു ഇത്തവണ ക്രിസ്റ്റ്യാനോ മാജിക്. എതിർ താരത്തിന്റെ പ്രതിരോധ ശ്രമത്തിനിടയിൽ, ഉജ്വലമായ ആംങ്കിളിൽ അക്രോബാറ്റിക് മികവോടെ, തൊടുത്ത ബൈസിക്കിൾ കിക്ക് ഉന്നം തെറ്റിയില്ല. ഗോൾ കീപ്പർ ആന്റണി മോറിസിന് പന്തിന്റെ ഗതി തിരിച്ചറിയും മുമ്പേ വലകുലുങ്ങി. ശേഷം, ഗാലറി സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായൊരു ഗോൾ മുഹൂർത്തത്തിന്റെ ആഘോഷത്തിന്.
ക്രിസ്റ്റ്യനോയുടെ അക്രോബാറ്റിക് സ്കിൽ ഗോളുകൾ ഫുട്ബാൾ മൈതാനത്ത് പുതുമയുള്ളതല്ല. 2017-18 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മഡ്രിഡിനെതിരെ യുവന്റസ് ജഴ്സിയിൽ ഏഴടി ഏഴിഞ്ച് ഉയരത്തിൽ നേടിയ ബൈസികിൽ കിക്ക് ഗോളിനോട് സാമ്യതയുള്ളതാണ് ഞായറാഴ്ച രാത്രിയിൽ പിറന്ന ഗോളും.
മത്സരത്തിൽ പോർചുഗലിലെ സഹതാരം ജോ ഫെലിക്സ്, വെസ്‍ലി, സാദിയോ മാനെ എന്നിവർ നേടിയ ഗോളിലൂടെ അൽ നസ്ർ 4-0ത്തിന് കളി ജയിച്ചു.
നിലവിൽ ലീഗ് പോയന്റ് പട്ടികയിൽ 27 പോയന്റുമായി അൽ നസ്ർ ഒന്നാം സ്ഥാനത്താണ്.
