എന്തിനൊരു ഡി.എൻ.എ ടെസ്റ്റ്, ഇത് മെസ്സിയുടെ മകൻ തന്നെ; വണ്ടർ ഫ്രീകിക്ക് ഗോളുമായി എട്ടു വയസ്സുകാരൻ സിറോ മെസ്സി -വിഡിയോ

ന്യൂയോർക്ക്: ‘എന്തിനാണൊരു ഡി.എൻ.എ ടെസ്റ്റ്. അവന്റെ പന്തടക്കവും ബാൾ ടച്ചും തന്നെ മതി മെസ്സിയുടെ മകനാണെന്നുറപ്പിക്കാൻ…’ –ലയണൽ മെസ്സിയുടെ ഇളയ പുത്രൻ എട്ടു വയസ്സുകാരൻ സിറോ മെസ്സിയുടെ വണ്ടർ ഗോൾ കണ്ട് ഞെട്ടിയ ഒരു ആരാധക​ൻ കുറിച്ചത് ഇങ്ങനെയായിരുന്നു.

ലോകഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഒരുപിടി അതിശയ ഗോളുകൾ കണ്ട് അത്ഭുതപ്പെട്ട ഫുട്ബാൾ ആരാധകർ അടുത്ത വിസ്മയകാഴ്ചകൾക്കായി ഒരുങ്ങികോളൂ എന്ന് ഓർമപ്പെടുത്തുകയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം. മറ്റാരുടേതുമല്ല, ലയണൽ മെസ്സിയുടെ ഇളയ മകൻ സിറോ മെസ്സി തന്നെ താരം. കളിക്കളത്തിലും അച്ഛന്റെ മകൻ എന്ന വിശേഷണങ്ങൾക്ക് ഏറ്റവും അർഹൻ താനെന്ന് ബോധ്യപ്പെടുത്തുന്ന പന്തടക്കവുമായി ആരാധക​രെ കുഞ്ഞു സിറോ അതിശയിപ്പിച്ചുതുടങ്ങി.

ലയണൽ മെസ്സിയുടെ ക്ലബായ ഇന്റർ മയാമിയുടെ ജൂനിയർ വിഭാഗത്തിൽ അണ്ടർ എട്ട് ടീമിനായാണ് പത്താം നമ്പറിൽ സിറോയും കളത്തിലിറങ്ങിയത്. ഇന്റർ മയാമി അകാദമി ടെയിനിങ് മത്സരത്തിനിടെ, ഒരു ഫ്രീകിക്കിനെ മനോഹരമായി വലയിലെത്തിക്കുന്ന സിറോയുടെ ഷോട്ടാണ് ​ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ആരാധക പേജുകളിൽ വൈറലാവുന്നത്.

ഇടം കാലിൽ കരുത്തനായ മെസ്സിയുടെ വലതുകാൽ പതിപ്പ് എന്നായിരുന്നു ഒരു ആരാധകൻ സിറോയുടെ സ്കിൽ വീഡിയോ പങ്കുവെച്ച് കുറിച്ചത്. കുഞ്ഞു പ്രായത്തിൽ മെസ്സിയുടെ ബാൾ ടച്ചും, പ്രതിഭയും കാണാൻ കഴിയാതെ പോയ ലോകത്തിന് സിറോയിൽ അതെല്ലാം കാണാമെന്ന് മറ്റൊരു ആരാധകൻ.

ഇതോടൊപ്പം, ഇന്റർ മയാമി അണ്ടർ എട്ട് ടീമിനൊപ്പമുള്ള സിറോയുടെ വിവിധ ​പ്രകടനങ്ങളുടെ വീഡിയോയും വൈറലായി പ്രചരിക്കുന്നു.

കുഞ്ഞു പാദങ്ങൾകൊണ്ട് അസാധ്യമായ ഡ്രിബ്ലിങ്ങുമായി കുതിച്ചു പാഞ്ഞ് വലകുലുക്കുന്ന സിറോയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കളി മികവ് പ്രകടിപ്പിച്ച എട്ടു വയസ്സുകാരനിൽ വരും കാലത്തെ സൂപ്പർ താരത്തെയും ആരാധകർ പ്രവചിച്ചു തുടങ്ങി.

13 കാരനായ തിയാഗോ മെസ്സി, പത്തുവയസ്സുകാരൻ മാറ്റിയോ എന്നീ മക്കളും ഫുട്ബാളിൽ മിടുക്കരാണ്. ബാഴ്സ അകാദമിയിൽ പരിശീലിച്ച മൂത്ത മകൻ തിയാഗോയുടെ ഗോൾ 2020ൽ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഇന്റർ മയാമി അണ്ടർ 12 ടീം അംഗമാണ് തിയാഗോ.



© Madhyamam