പാരീസ്: 2025 ലെ അവസാന സൗഹൃദ മത്സരവും ജയിക്കാനാവാതെ ബ്രസീൽ. ജയിക്കാൻ അവസരങ്ങളേറെ തുറന്ന് കിട്ടിയിട്ടും ടുനീഷ്യക്കെതിരെ 1-1ന് സമനില വഴങ്ങുകയായിരുന്നു.
ഫ്രാൻസിലെ ഡെക്കാത്ലോൺ അരീനയിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ ഞെട്ടിച്ച് ടുനീഷ്യയാണ് ആദ്യം ലീഡെടുക്കുന്നത്. 23-ാം മിനിറ്റിൽ ഹസീം മസ്തൂരിയാണ് ടുനീഷ്യയെ മുന്നിലെത്തിച്ചത് (1-0). ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് 44ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി യുവതാരം എസ്റ്റാവായോ വലയിലാക്കിയതോടെ ബ്രസീൽ ഒപ്പമെത്തി (1-1).
രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ ഒരോന്നായി പാഴാകുകയായിരുന്നു. മാത്യൂസ് കുഞ്ഞക്ക് പകരം കളത്തിലെത്തിയ വിറ്റർ റോക്കിനെ 78-ാം മിനിറ്റിൽ ഫൗൾ ചെയ്തതിന് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബ്രൂണോ ഗുയ്മെറസിന് പകരമിറങ്ങിയ ലൂക്കാസ് പക്വറ്റയാണ് കിക്കെടുത്തത്.
പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കിയുള്ള പക്വറ്റയുടെ ഇടങ്കാലൻ ഷോട്ട് ബാറിന് മുകളിലൂടെ ഉയർന്ന് ഗ്യാലറിയിലേക്കാണ് പറന്നത്. 88-ാം മിനിറ്റിൽ ബ്രസീലിന് മറ്റൊരു പെനാൽറ്റി നിഷേധിച്ചതോടെ തുനീഷ്യയോട് സമനില സമ്മതിക്കേണ്ടി വന്നു.
ചരിത്രം കുറിച്ച് ക്യുറസാവോ
കിങ്സ്റ്റൺ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി ഇനി ക്യുറസാവോക്ക് സ്വന്തം. കഴിഞ്ഞ രാത്രി നടന്ന കോൺകകാഫ് യോഗ്യത മത്സരത്തിൽ ജമൈക്കക്കെതിരെ ഗോൾരഹിത സമനില പിടിച്ചതോടെയാണ് ക്യുറസാവോ ലോകകപ്പ് ബർത്ത് ഉറപ്പിച്ചത്. ആകെ 1.56 ലക്ഷം ജനം മാത്രം വസിക്കുന്ന ഈ കരീബിയൻ ദ്വീപ്, മേഖലയിൽനിന്ന് ഹെയ്ത്തി, പാനമ രാജ്യങ്ങൾക്കൊപ്പമാണ് 2026ലെ ലോകമാമാങ്കത്തിന് അർഹത നേടിയത്. യു.എസ്. കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 48 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
യോഗ്യത മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ക്യുറാസാവോയുടെ മുന്നേറ്റം. ബെർമുഡക്കെതിരെ 7-0ന്റെ വമ്പൻ ജയം നേടിയ ടീം, ആറ് മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. ജമൈക്കയാണ് രണ്ടാം സ്ഥാനത്ത്. ക്യുറാസാവോയുടെ ആകെ ഭൂവിസ്തൃതി കേവലം 444 ചതുശ്ര കിലോമീറ്ററാണ്. ലോകകപ്പ് കളിക്കുന്ന ചെറിയ രാജ്യമെന്ന ഐസ്ലാൻഡിന്റെ റെക്കോഡാണ് അവർ മറികടന്നത്. 2016ൽ യൂറോകപ്പിലെ വമ്പൻ പ്രകടനകത്തിലൂടെയാണ് 2018ൽ ഐസ്ലാൻഡ് ലോകകപ്പ് കളിച്ചത്. 3.5 ലക്ഷമാണ് ഐസ്ലാൻഡിലെ ജനസംഖ്യ. ക്യുറസാവോയുടെ ഇരട്ടി വരുമിത്.
