
ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ 89 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച രണ്ടാം ഇന്നിങ്സിൽ ശക്തമായ നിലയിൽ. മത്സരം ഒരു ദിവസം ബാക്കിയിരിക്കെ സന്ദർശകർ 315 റൺസ് മുന്നിലാണിപ്പോൾ. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ്.
നേരത്തേ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. കേരളം ഒന്നാം ഇന്നിങ്സിൽ 281 റൺസാണ് നേടിയത്. നാലാംദിനം മധ്യപ്രദേശിന് ലക്ഷ്യം നിശ്ചയിച്ച് വിജയം സ്വന്തമാക്കാനായിരിക്കും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സംഘത്തിന്റെയും ശ്രമം. കരുത്തരായ എതിരാളികൾക്കെതിരെ കളി സമനിലയിലായാലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ സന്ദർശകർക്ക് മൂന്ന് പോയന്റ് ലഭിക്കും. സച്ചിൻ ബേബി 85ഉം ബാബ അപരാജിത് 89ഉം റൺസുമായി ക്രീസിലുണ്ട്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽതന്നെ ഓപണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാർ കാർത്തികേയയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയാണ് ഏഴ് റൺസെടുത്ത രോഹൻ മടങ്ങിയത്. എന്നാൽ, രണ്ടാം വിക്കറ്റിൽ അഭിഷേക് ജെ. നായരും സച്ചിൻ ബേബിയും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 30 റൺസെടുത്ത അഭിഷേകിനെ കുൽദീപ് സെൻ പുറത്താക്കി.
തൊട്ടു പിറകെ രണ്ട് റൺസുമായി ക്യാപ്റ്റൻ അസ്ഹറുദ്ദീനും മടങ്ങി. സാരാൻഷ് ജെയിനിന്റെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് അസ്ഹറുദ്ദീൻ പുറത്തായത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിനും ബാബ അപരാജിതും മത്സരം വരുതിയിലാക്കി. ഇരുവരും ചേർന്ന് ഇതുവരെ 144 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. മൂന്നാം ദിവസം ആറ് വിക്കറ്റിന് 155ൽ കളി തുടങ്ങുമ്പോൾ സാരൻഷും ആര്യൻ പാണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശ് പ്രതീക്ഷ. എന്നാൽ, ഏദൻ ആപ്പിൾ ടോമിന്റെ ഇരട്ടപ്രഹരം തുടക്കത്തിൽതന്നെയുണ്ടായി.
ഒരേ ഓവറിലെ അവസാന രണ്ട് പന്തുകളിൽ ആര്യൻ പാണ്ഡെയെയും മുഹമ്മദ് അർഷദ് ഖാനെയും ഏദൻ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. 36 റൺസാണ് ആര്യൻ നേടിയത്. തുടർന്നെത്തിയ കുമാർ കാർത്തികേയക്കും കുൽദീപിനുമൊപ്പം ചേർന്ന് സാരാൻഷ് ലീഡിനായി പൊരുതിയെങ്കിലും അധിക നേരം പിടിച്ചുനിൽക്കാനായില്ല.
കാർത്തികേയയെ ശ്രീഹരി എസ്. നായർ പുറത്താക്കിയപ്പോൾ 67 റൺസെടുത്ത സാരാൻഷ്, നിധീഷന്റെ പന്തിൽ പുറത്തായി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം നാലും നിധീഷ് എം.ഡി മൂന്നും വിക്കറ്റ് വീഴ്ത്തി.
