ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്ലോവാക്യക്കെതിരെ ജർമൻ താരങ്ങളുടെ ഗോളാഘോഷം
മ്യൂണിക്: കരുത്തരായ ജർമനിയും നെതർലൻഡ്സും 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി. യൂറോപ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് എ-യിലെ അവസാന മത്സരത്തിൽ ജർമനി എതിരില്ലാത്ത ആറ് ഗോളിന് സ്ലോവാക്യയെ തോൽപിച്ചു. ഗ്രൂപ് ജി-യിൽ ലിത്വാനിയക്കെതിരെ ഡച്ചുകാർ ഏകപക്ഷീയമായ നാല് ഗോൾ ജയവും സ്വന്തമാക്കി.
ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു തോൽവിയുമായി 15 പോയന്റാണ് ജർമനിയുടെ സമ്പാദ്യം. ഈ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സ്ലോവാക്യ (12) പ്ലേ ഓഫിൽ പ്രവേശിച്ചു. എട്ട് കളികളിൽ ആറ് ജയവും രണ്ട് സമനിലയും നേടി ഓറഞ്ച് പട 20 പോയന്റിൽ അവസാനിപ്പിച്ചു. പോളണ്ടാണ് (17) രണ്ടാമത്.
സ്ലോവാക്യക്കെതിരെ സ്വന്തം മൈതാനത്ത് ജർമനിക്കായി ലെറോയ് സാനെ (36, 41) ഇരട്ട ഗോൾ സ്കോർ ചെയ്തു. നിക്ക് വോൾട്ടെമെഡ് (18), സെർജ് നാബ്രി (29), റിഡിൽ ബാകു (67), അസ്സൻ ഔദ്രാഗോ (79) എന്നിവരും ഗോൾ നേടി. ജയിച്ചിരുന്നെങ്കിൽ സ്ലോവാക്യക്ക് ജർമനിയെ പ്ലേ ഓഫിലേക്ക് വിട്ട് യോഗ്യത കൈവരിക്കാമായിരുന്നു. ഗ്രൂപ് എൽ-ൽനിന്ന് ഇതിനകം ലോകകപ്പിന് ടിക്കറ്റെടുത്ത ക്രൊയേഷ്യ അവസാന മത്സരത്തിൽ മോണ്ടിനെഗ്രോയെ 3-2ന് വീഴ്ത്തി 22 പോയന്റിലേക്കുയർന്നു. ചെക് റിപബ്ലിക്കാണ് (16) രണ്ടാം സ്ഥാനക്കാർ.
