ഗംഭീറിന് സമ്മർദമേറുന്നു; പരിശീലകസ്ഥാനത്തേക്ക് ലക്ഷ്മൺ വരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ



ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയതോടെ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിക്കുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ ബാറ്റർ മഹംംദ് കൈഫ്. തുടർ തോൽവികൾ ഗംഭീറിനെ സമ്മർദത്തിലാക്കുകയാണെന്നും ആ സ്ഥാനത്തേക്ക് വി.വി.എസ് ലക്ഷ്മൺ എത്തുമെന്ന് ഫൈ് പ്രവചിച്ചു.

ഗംഭീറിനുമേൽ സമ്മർ​ദമേറുകയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മുമ്പ് നിങ്ങൾ ആസ്ട്രേലിയയിലേക്ക് പോവുകയാണെങ്കിൽ അവിടെ തോൽവി ഉറപ്പായിരുന്നു. ഇംഗ്ലണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ തോൽവി പ്രവചനീയമായിരുന്നു. എന്നാൽ, ഇന്ത്യയിലുള്ള തോൽവി ആർക്കും പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ലെന്ന് കൈഫ് പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു കൈഫിന്റെ പ്രവചനം.

അഭിമുഖങ്ങൾ ഇല്ലാതെയാണ് പലപ്പോഴും പരിശീലകരെ തെരഞ്ഞെടുക്കുന്നത്. പരിശീലകരെ വിളിക്കുന്നു. ചിലർ അതിനായി അപേക്ഷ സമർപ്പിക്കുന്നു. അഭിമുഖങ്ങൾ ഇല്ലാതെ തന്നെ അവരെ തെരഞ്ഞെടുക്കുകയാണെന്ന് കൈഫ് കുറ്റപ്പെടുത്തി. ഒരു അഭിമുഖവും നടത്താതെയാണ് ഇന്ത്യ ബാറ്റിങ് പരിശീലകനെ നിയമിച്ചതെന്നും കൈഫ് കുറ്റപ്പെടുത്തി.

നിലവിലെ നിയമനപ്രക്രിയയിൽ അർഹരായ പലരും പിന്തള്ളപ്പെടുകയാണെന്നും കൈഫ് കുറ്റപ്പെടുത്തി. ഗംഭീർ പരിശീലകനായപ്പോൾ സിതാൻഷു കൊട്ടക്, അഭിഷേക് നായർ എന്നിവരെ സപ്പോർട്ടിങ് സ്റ്റാഫായി ഗംഭീർ നിയമിച്ചു. ഇതിന് ബി.സി.സി.ഐ ഒരു എതിർപ്പും അറിയിച്ചില്ലെന്നും കൈഫ് വ്യക്തമാക്കി. ലക്ഷക്കണക്കിന് കാണികൾക്ക് മുമ്പിൽ മത്സരങ്ങൾ കളിച്ചവർ പിന്തള്ളപ്പെടുമ്പോൾ മൂന്നോ നാലോ മത്സരങ്ങൾ മാത്രം കളിച്ചവർ പരിശീലകസ്ഥാനത്തേക്ക് എത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും കൈഫ് പറഞ്ഞു.

സമീപകാല ടെസ്റ്റ് പരമ്പരകളിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്ന് കളികളിൽ ഒന്നിൽ പോലും ജയിക്കാൻ ഇന്ത്യക്കായില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഈഡൻ ഗാർഡൻസിൽ 30 റൺസിന്റെ തോൽവിയും ഇന്ത്യ വഴങ്ങി. വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ഒരു ജയം നേടുന്നത്.



© Madhyamam