രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്


ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ ആറിന് 155 റൺസ് എന്ന നിലയിലാണ്. 41 റൺസെടുത്ത സരൻഷ് ജെയിനും 33 റൺസെടുത്ത ആര്യൻ പാണ്ഡെയുമാണ് ക്രീസിൽ.

കേരളത്തിന് വേണ്ടി എം.ഡി.നീതീഷും ഏദൻ ആപ്പിൾ ടോമും രണ്ടു വിക്കറ്റ് വീതവും അഭിജിത് പ്രവീണും ബാബ അപാരാജിതും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 281 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശിന് റൺസൊന്നും എടുക്കാതെ ഓപണർ യാഷ് ദുബെയെ നഷ്ടമായി.

അഭിജിത് പ്രവീണിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. 21 റൺസ് വീതം എടുത്ത ഹര്‍ഷ് ഗവാലിയെയും ഹിമാന്‍ഷു മന്ത്രിയേയും നീതീഷ് മടക്കി അയച്ചു. 10 റൺസെടുത്ത നായകൻ ശുഭം ശര്‍മയേയും റൺസെടുക്കും മുൻപെ ഹര്‍പ്രീത് സിങ്ങിനെയും മടക്കി ഏദൻ ആപ്പിൾ ടോമും മധ്യപ്രദേശിനെ ഞെട്ടിച്ചു. ഋഷഭ് ചൗഹാന്‍ (21) അപരാജിത് വിക്കറ്റ് നൽകി.

രണ്ട് റൺസകലെ അപരാജിതിന് സെഞ്ച്വറി നഷ്ടം

മധ്യപ്രദേശിനെതിരെ ചെറുത്തുനിന്ന കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 281 റൺസിൽ അവസാനിച്ചു. ബാബാ അപരാജിത് സെഞ്ച്വറിക്കരികെ വീണു. 98 റൺസിനാണ് താരം പുറത്തായത്.

താരത്തിന്‍റെ ബാറ്റിങ്ങാണ് കേരളത്തെ നാണക്കേടിൽനിന്ന് കരകയറ്റിയത്. 186 പന്തുകൾ നേരിട്ട താരം എട്ടു ഫോറുകളും നേടി. അഭിജിത്ത് പ്രവീൺ അർധ സെഞ്ച്വറി (153 പന്തിൽ 60) നേടി. അർഷാദ് ഖാന്‍റെയും സരാൻഷ് ജെയിനിന്‍റെയും ബൗളിങ്ങാണ് കേരളത്തെ തകർത്തത്. 20 ഓവറിൽ 54 റൺസ് വഴങ്ങി അർഷാദ് നാലു വിക്കറ്റ് വീഴ്ത്തി. 20 ഓവർ എറിഞ്ഞ സരാൻഷ് 40 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും സ്വന്തമാക്കി.

ഏഴിന് 246 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 35 റൺസാണ് കൂട്ടിച്ചേർക്കാനായത്. ശ്രീഹരി എസ്. നായരുടെ (50 പന്തിൽ ഏഴ്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അർഷാദ് ഖാന്‍റെ പന്തിൽ വിക്കറ്റ് തെറിച്ചു. ഏദൻ ആപ്പിൾ ടോമിനെ കൂട്ടുപിടിച്ച് അപരാജിത് ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഒടുവിൽ സെഞ്ച്വറിക്ക് രണ്ട് റൺസകലെ താരം പുറത്തായി. കുൽദീപ് സെന്നിന്‍റെ പന്തിൽ യാഷ് ദുബെക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 19 പന്തിൽ ഏഴു റൺസെടുത്ത എം.ഡി. നിധീഷിനെ ആര്യൻ പാണ്ഡെ ബൗൾഡാക്കിയതോടെ കേരളത്തിന്‍റെ ഇന്നിങ്സ് 281 റൺസിൽ അവസാനിച്ചു.

വലിയ തകർച്ച നേരിട്ട കേരളത്തെ അപരാജിത്തിന്‍റെയും അഭിജിത്ത് പ്രവീണിന്‍റെയും ബാറ്റിങ്ങാണ് കരകയറ്റിയത്. ഇരുവരും ഏഴാം വിക്കറ്റിൽ നേടിയ 122 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നേടിയ ആതിഥേയർ കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്നിങ്സിലെ രണ്ടാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. സ്കോര്‍ ബോർഡ് തുറക്കുന്നതിനു മുമ്പേ രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ആറു പന്തുകൾ നേരിട്ട താരം കുമാർ കാർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ്ങിനെ ക്യാച്ച് നൽകിയാണ് മടങ്ങിയത്. അഭിഷേക് നായരും അങ്കിത് ശര്‍മയും ശ്രദ്ധയോടെ ബാറ്റുവീശി സ്കോർ 50 കടത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസാണ് നേടിയത്.

അങ്കിതിനെ (53 പന്തിൽ 20 റൺസ്) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി സാരാൻഷ് ജെയിനാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ സചിൻ ബേബി എട്ട് പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും എടുക്കാതെ മടങ്ങി. സചിനെയും സാരാൻഷ് എൽ.ബി.ഡബ്ല്യു.വിൽ പുറത്താക്കുകയായിരുന്നു. സന്ദർശകർ മൂന്ന് വിക്കറ്റിന് 60 റൺസിലേക്ക് വീണു. അധികം വൈകാതെ അർധ സെഞ്ച്വറിക്കരികെ അഭിഷേക് ജെ നായരെയും കേരളത്തിന് നഷ്ടമായി. 113 പന്തിൽ ഏഴു ഫോറടക്കം 47 റൺസെടുത്ത താരത്തെ അർഷാദ് ഖാനാണ് പുറത്താക്കിയത്.

നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ബാറ്റിങ് 14 റൺസിൽ അവസാനിച്ചു. അർഷാദ് ഖാനാണ് വിക്കറ്റ്. പിന്നാലെ എത്തിയ അഹമദ് ഇംറാനും നിരാശപ്പെടുത്തി. 13 പന്തിൽ അഞ്ചു റൺസെടുത്ത താരത്തെയും അർഷാദ് ഖാൻ മടക്കി. കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ്. അപരാജിത്തും അഭിജിത്തും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളത്തിന് പ്രതീക്ഷ. ഏറെ ശ്രദ്ധയോടെ ബാറ്റുവീശി ഇരുവരും ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി. സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ച് സരാൻഷ് ജെയിൻ വീണ്ടും മത്സരം മധ്യപ്രദേശിന്‍റെ കൈകളിലെത്തിച്ചു. അഭിഷേകിനെ ബൗൾഡാക്കുകയായിരുന്നു.

സീസണിൽ ഇതുവരെ കേരളത്തിന് ഒരു ജയം പോലുമില്ല. നാലിൽ മൂന്ന് സമനിലയും ഒരു തോൽവി‍യുമായി അഞ്ച് പോയന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. എട്ട് ടീമുകളുള്ള ഗ്രൂപ് ബിയിൽ ഏഴാമത് നിൽക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീനും സംഘത്തിനും തിരിച്ചുവരവ് പ്രതീക്ഷ മങ്ങി‍യ സ്ഥിതിയാണ്. ചരിത്രം കുറിച്ച് കഴിഞ്ഞ തവണ റണ്ണറപ്പായ ടീമാണ് കേരളം. 15 പോയന്റുമായാണ് മധ്യപ്രദേശ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്.

© Madhyamam