ആ​ഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിൽ ഹകിമി-സലാഹ് പോരാട്ടം

കൈറോ: ആഫ്രിക്കൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഈജിപ്തിന്റെ മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മിൽ പോരാട്ടം. ചുരുക്കപട്ടിക പ്രഖ്യാപിച്ചപ്പോൾ മൂന്നാമനായി ​നൈജീരിയയുടെ വിക്ടർ ഒസിമനും ഇടം നേടിയിട്ടുണ്ട്.

ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതും, ക്ലബ് ലോകകപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പ് ആക്കിയതും ഉൾപ്പെടെ പ്രകടനമാണ് ഹകിമിക്ക് പോയ സീസൺ മികവുറ്റതാക്കാൻ വഴിയൊരുക്കിയത്. ​

ഡിസംബറിൽ കിക്കോഫ് കുറിക്കുന്ന ആഫ്രിക്കൻ ​നാഷൻസ് കപ്പിൽ മൊറോക്കോ​യെ കിരീടത്തിലേക്ക് നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹകിമി മികച്ച താരത്തിനുള്ള ചുരുക്കപട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ രണ്ടു സീസണുകളിലും താരം ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു.

രണ്ടു തവണ ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരം നേടിയ മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ കിരീടമണിയിച്ച പ്രകടനവുമായാണ് ഇടവേളക്കു ശേഷം ഫൈനൽ ത്രീയിൽ ഇടം നേടിയത്. 29 ഗോളുമായി കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരവും സലാഹ് നേടിയിരുന്നു.

തുർക്കിയ ക്ലബ് ഗലറ്റസറായ് താരമായ ഒസിമെൻ നൈജീരിയക്കും, ക്ലബിനു വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്.



© Madhyamam